ഇസ്രയേൽ ഇപ്പോൾ ഇടപെടേണ്ടതില്ല എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. കടലിൽ മൈനുകൾ സ്ഥാപിക്കാനായി ഇറാൻ നിർമിച്ച മിസൈലുകൾ തകർത്തെന്ന് ട്രംപ് പറഞ്ഞു.
ടെഹ്റാൻ: ഇറാൻ ഭരണകൂടത്തെ വീഴ്ത്താൻ ഏത് നിമിഷവും ഒരുക്കമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ ഇപ്പോൾ ഇടപെടേണ്ടതില്ല എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. കടലിൽ മൈനുകൾ സ്ഥാപിക്കാനായി ഇറാൻ നിർമിച്ച മിസൈലുകൾ തകർത്തെന്ന് ട്രംപ് പറഞ്ഞു.
ഒരു മാസത്തെ ശാന്തതയ്ക്കു ശേഷം പശ്ചിമേഷ്യയിൽ വീണ്ടും രക്തച്ചൊരിച്ചിൽ. കഴിഞ്ഞ 48 മണിക്കൂറിൽ ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും 142 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 61 സ്ത്രീകളും 44 കുട്ടികളും ഉൾപ്പെടുന്നു. തെക്കൻ ഇറാനിൽ ഒരു വിവാഹ ചടങ്ങിന് നേരെ അമേരിക്കൻ ബോംബാക്രമണം ഉണ്ടായി. ആറു വയസ്സുകാരൻ ഉൾപ്പെടെ നാലു പേർ ഇവിടെ കൊല്ലപ്പെട്ടു. ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
അതിനിടെ ഹോർമുസ് കടലിടുക്കിൽ സൗദി അറേബ്യയുടെയും ദക്ഷിണ കൊറിയയുടെയും കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായി. സൗദി കപ്പലിലുണ്ടായിരുന്ന രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെട്ടു. ഇറാനാണ് ഇതിന് പിന്നിലെന്ന് സൗദി ആരോപിച്ചു. എന്നാൽ വിലക്കപ്പെട്ട പാതയിലൂടെ സഞ്ചരിച്ച് കപ്പലുകൾ മൈനുകളിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് ഇറാന്‍റെ വാദം. ലോകത്തെ പ്രധാന എണ്ണപ്പാതയായ ഹോർമുസ് കടലിടുക്കിൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്ന് ജി20 രാജ്യങ്ങൾ ആവശ്യപ്പെട്ടു. അമേരിക്കയുടെ ജോർദാനിലെ സൈനിക താവളങ്ങൾ ഉന്നമിട്ട് ഇറാൻ ആക്രമണം നടത്തി. ഇറാനെതിരെ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാൻ ഒരുങ്ങുകയാണ് അമേരിക്ക.
