ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇറാനിലെ ഭീകര ഭരണകൂടത്തെ താഴെയിറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ലക്ഷ്യത്തിന്‍റെ വളരെ അടുത്തെത്തിക്കഴിഞ്ഞുവെന്നും ഇറാന്റെ പിന്തുണയുള്ള മുഴുവൻ സഖ്യവും വൈകാതെ തകരുമെന്നും നെതന്യാഹു അവകാശപ്പെട്ടു
ടെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം ആറു മാസം പിന്നിട്ട് കൂടുതൽ ശക്തമാകുന്നതിനിടെ, ഇറാനിലെ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദക്ഷിണ സിറിയയിലെ ഇസ്രയേലി സൈനികരെ സന്ദർശിക്കവേയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഇവിടം സന്ദർശിച്ചത്.
ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇറാനിലെ ഭീകര ഭരണകൂടത്തെ താഴെയിറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ലക്ഷ്യത്തിന്‍റെ വളരെ അടുത്തെത്തിക്കഴിഞ്ഞുവെന്നും ഇറാന്റെ പിന്തുണയുള്ള മുഴുവൻ സഖ്യവും വൈകാതെ തകരുമെന്നും നെതന്യാഹു അവകാശപ്പെട്ടു. 2024 ഡിസംബറിൽ ബാഷർ അൽ അസദ് ഭരണകൂടം തകർന്നതു മുതൽ ദക്ഷിണ സിറിയയിലെ ഒരു പ്രത്യേക സുരക്ഷാ മേഖലയിൽ ഇസ്രയേൽ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. 1974 മുതൽ ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ ഇരു രാജ്യങ്ങളുടെയും സൈന്യത്തെ വേർതിരിച്ചിരുന്ന, ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണത്തിലായിരുന്ന ബഫർ സോൺ നിലവിൽ ഇസ്രയേലിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്.
തങ്ങളുടെ അതിർത്തിയിൽ ഏതെങ്കിലും തരത്തിലുള്ള ഭീകര സൈന്യങ്ങൾക്ക് താവളമടിക്കാൻ അനുവാദം നൽകില്ലെന്ന് നെതന്യാഹു ആവർത്തിച്ചു. രണ്ടാഴ്ച മുമ്പ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഇവിടുത്തെ സൈനികരെ സന്ദർശിച്ചിരുന്നു. എന്നാൽ ഇസ്രായേലിന്റെ ഈ നീക്കങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി സിറിയ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
അസദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം സിറിയയിൽ നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്. കൂടാതെ നിരവധി തവണ സിറിയൻ അതിർത്തിക്കുള്ളിലേക്ക് ഇസ്രയേൽ സൈന്യം കടന്നുകയറുകയും ചെയ്തു. തങ്ങളുടെ സൈന്യത്തെ ദക്ഷിണ സിറിയൻ സുരക്ഷാ മേഖലയിൽ തന്നെ നിലനിർത്തുമെന്നാണ് ഇസ്രയേൽ ഭരണാധികാരികൾ പറയുന്നത്.
ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം ആറു മാസം പിന്നിടുമ്പോൾ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുകയാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിൽ കടുത്ത തർക്കം നിലനിൽക്കുന്നതിനിടയിലാണ് ഇറാന് നേരെ നെതന്യാഹു പുതിയ ഭീഷണി മുഴക്കുന്നത്.
