ഇറാനെതിരായ വ്യോമാക്രമണം പെട്ടെന്ന് നിർത്തിവെയ്ക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അമ്പരപ്പിലാണ്. ആഭ്യന്തര സമ്മർദ്ദങ്ങളും തെരഞ്ഞെടുപ്പും കാരണം ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഇറാനെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുകയാണ് നെതന്യാഹു. 

വാഷിങ്ടണ്‍: ഇറാനെതിരായ വ്യോമാക്രമണം പെട്ടെന്ന് നിർത്തിവെയ്ക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അമ്പരപ്പിലെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണയ്ക്ക് ഇറാൻ അംഗീകാരം നൽകിയതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ അമേരിക്കയും ഇറാനും തമ്മിൽ നടന്ന ചർച്ചകളെക്കുറിച്ച് നെതന്യാഹുവിന് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള സഖ്യകക്ഷികളെ വിവരങ്ങൾക്കായി ബന്ധപ്പെടുകയാണ് നെതന്യാഹുവെന്നും റിപ്പോർട്ടുകളുണ്ട്.

യുദ്ധത്തിന്റെ തുടക്കത്തിൽ ഒരുമിച്ച് നീങ്ങിയിരുന്ന ട്രംപിനും നെതന്യാഹുവിനും ഇടയിൽ ഇപ്പോൾ ഭിന്നത പ്രകടമാണ്. ജനരോഷം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇന്ധനവില പിടിച്ചുനിർത്താനും യുദ്ധം അവസാനിപ്പിക്കാനുമുള്ള തീരുമാനത്തിലേക്ക് ട്രംപ് നീങ്ങിയപ്പോൾ, ഈ വർഷം തെരഞ്ഞെടുപ്പിനെ നേരിടുന്ന നെതന്യാഹുവിന് യുദ്ധത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ നേടേണ്ടതുണ്ട്. ഫെബ്രുവരിയിൽ യുദ്ധമുഖത്തേക്ക് ഒന്നിച്ച് ഇറങ്ങിയ ഇരു രാജ്യങ്ങളുടെയും മുന്നിൽ ഇപ്പോൾ വ്യത്യസ്തമായ ലക്ഷ്യങ്ങളാണുള്ളത്. കുറഞ്ഞ സമയം കൊണ്ട് നേട്ടമുണ്ടാക്കാൻ ട്രംപ് ശ്രമിക്കുമ്പോൾ, എത്ര നീണ്ടുപോയാലും ഇറാനെയും ലെബനനിലെ ഹിസ്ബുള്ളയെയും പൂർണ്ണമായി തകർക്കാനാണ് നെതന്യാഹുവിന്റെ നീക്കം.

ഇന്നലെ രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ച ട്രംപ് പിന്നീട് മലക്കം മറിയുകയായിരുന്നു. ഇറാന്‍റെ ഉന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾ വിജയിക്കുകയും അവർ ധാരണ അംഗീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, ഇറാന് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ യുഎസ് പ്രസിഡന്റ് എന്ന നിലയിൽ താൻ റദ്ദാക്കുന്നു എന്നാണ് ട്രംപ് പിന്നീട് പറഞ്ഞത്. അമേരിക്ക, ഇസ്രയേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം ഈ ചർച്ചകളുടെ ഭാഗമാണെന്നും ട്രംപ് അവകാശപ്പെട്ടു.

ഇസ്രയേലിന്‍റെ ഔദ്യോഗിക പ്രതികരണം

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ധാരണയിൽ ഇസ്രയേൽ ഭാഗമല്ലെന്ന് വ്യക്തമാക്കിയ പ്രസ്താവന, ട്രംപിന്റെ നിലപാടുകളെ സ്വാഗതം ചെയ്തു. ഇറാന്റെ ആണവ സാമഗ്രികൾ നീക്കം ചെയ്യുക, ആണവ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക, മിസൈൽ ഉത്പാദനം പരിമിതപ്പെടുത്തുക, ഭീകര സംഘടനകൾക്കുള്ള ഇറാന്റെ പിന്തുണ അവസാനിപ്പിക്കുക എന്നിവ അന്തിമ കരാറിൽ ഉണ്ടാകുമെന്ന ട്രംപിന്റെ ഉറപ്പിനെ നെതന്യാഹു അഭിനന്ദിക്കുന്നുവെന്നും ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

ട്രംപിന് നേരിടേണ്ടി വന്നത് കടുത്ത ആഭ്യന്തര സമ്മർദ്ദം

ഹോർമുസ് കടലിടുക്കിലെ തടസ്സവും മാസങ്ങൾ നീണ്ട യുദ്ധവും അമേരിക്കയിലും ഇസ്രയേലിലും പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. വിദേശ യുദ്ധങ്ങളിൽ ഇടപെടില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ട്രംപ് ലംഘിച്ചുവെന്നും മധ്യേഷ്യയിലെ യുദ്ധം കാരണം അമേരിക്കയിൽ ഇന്ധനവിലയും മറ്റ് സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണെന്നും പ്രതിപക്ഷം വിമർശിച്ചു. നവംബറിലെ തെരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമെന്ന ഭയമാണ് യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം രണ്ടു വർഷം കഴിഞ്ഞിട്ടും പൂർണ്ണമായ വിജയം നേടാൻ കഴിയാത്തതിൽ ഇസ്രായേൽ ജനത നെതന്യാഹുവിനെതിരെ രോഷാകുലരാണ്. ട്രംപിന്റെ വിലക്കുകൾ ലംഘിച്ച് കഴിഞ്ഞ ആഴ്ചയും നെതന്യാഹു ഇറാനിൽ ആക്രമണം നടത്തിയിരുന്നു. ഇതേത്തുടർന്ന് ഇരുവർക്കുമിടയിൽ നടന്ന ഫോൺ സംഭാഷണത്തിൽ ട്രംപ് നെതന്യാഹുവിനെതിരെ അസഭ്യ വർഷം നടത്തിയതായും റിപ്പോർട്ടുണ്ട്. "ഞാൻ നിന്നെ രക്ഷിക്കുകയാണ്, പക്ഷേ ഇപ്പോൾ ലോകം മുഴുവൻ നിന്നെയും ഇസ്രയേലിനെയും വെറുക്കുന്നു" എന്ന് ട്രംപ് ആക്രോശിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.