ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടമാകുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

കൊളംബോ: മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങൾക്ക് ശേഷവും ആശങ്ക ഒഴിയാതെ ശ്രീലങ്ക. സ്ഫോടനങ്ങൾ നടന്നിട്ട് മൂന്നാം ദിനമായ ഇന്ന് കൊളംബോയിൽ നിന്ന് ബോംബുകൾ കണ്ടെടുത്തു. ബോംബ് സ്ഫോടനങ്ങളുടെ പിന്നിൽ തങ്ങളാണെന്ന് ഇസ്ലാമിക് തീവ്രവാദ സംഘടന ഐഎസ് അവകാശ വാദവുമുയ‍ർത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരയിൽ മുന്നൂറോളം പേർക്ക് ജീവൻ നഷ്ടമാകുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊളംബോയിലെ ക്രിസ്ത്യൻ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ശ്രീലങ്കൻ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനപരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സ്ഫോടനത്തിന് പിന്നിൽ ഐഎസ് ആണെന്ന വിവരം തീവ്രവാദ സംഘനടയുടെ വാർത്താ ഏജൻസിയായ അമാഖ് ആണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ തെളിവുകൾ അമാഖ് പുറത്ത് വിട്ടിട്ടില്ല. അതേ സമയം ചാവേറെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈസ്റ്റര്‍ ദിനത്തിലെ കുര്‍ബാന നടക്കുന്ന പള്ളിക്കുള്ളിലേക്ക് ഒരു വശത്തെ വാതില്‍ വഴി പ്രവേശിച്ച ഇയാള്‍ അള്‍ത്താരക്ക് അടുത്ത് ഏറ്റവും മുമ്പിലായി ഇരിക്കുന്നതും ദൃശ്യത്തിൽ വ്യക്തമായി കാണാം.