ന്യൂയോര്‍ക്ക്: കൊവിഡ് 19 ബാധിച്ച് വെന്‍റിലറേറ്ററിലായെങ്കിലും മകന് ജന്മം നല്‍കി യുവതി. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് ന്യൂയോര്‍ക്ക് സ്വദേശിയായ യാനിര സോറിയാനോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. യാനിരക്ക് കടുത്ത ശ്വാസതടസം നേരിടുകയും ചെയ്തതോടെ ഇവരെ വെന്‍റിലേറ്റര്‍ സഹായത്തോടെ ആര്‍ട്ടിഫീഷ്യല്‍ കോമയിലേക്ക് വിടാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഈ അവസ്ഥയിലായിരുന്നു യാനിര നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. 

അത്ഭുതകരമായ തിരിച്ചുവരവാണ് ഈ മുപ്പത്തിയാറുകാരി നടത്തിയിട്ടുള്ളതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ന്യൂയോര്‍ക്കിലെ ബേ ഷോറിലുള്ള സൌത്ത് സൈഡ് ആശുപത്രിയിലായിരുന്നു യാനിരയുണ്ടായിരുന്നത്. അവര്‍ തിരികെ വരുമോയെന്ന് ഉറപ്പില്ലായിരുന്നു. എന്നാലും തങ്ങളാല്‍ കഴിയുന്നതെല്ലാം അവര്‍ക്കായി ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നതായി ഗൈനക്കോളജി വിഭാഗം തലവനായ ബെഞ്ചമിന്‍ ഷ്വാര്‍ട്സ് പറയുന്നു. 

പതിനൊന്ന് ദിവസം കോമ അവസ്ഥയില്‍ കഴിഞ്ഞ യാനിരയെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്. പെട്ടന്ന് തന്നെ ഗുരുതരാവസ്ഥയിലെത്തുന്ന അവസ്ഥയിലായിരുന്നു യുവതിയുണ്ടായിരുന്നത്. അതിനാലാണ് കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ സര്‍ജറിയിലൂടെ പുറത്തെടുത്തത് അറിഞ്ഞിരുന്നുവെങ്കിലും പ്രതികരിക്കാനാവാത്ത അവസ്ഥയിലായിരുന്നു യാനിര. മാസം തികയാതെ പിറക്കേണ്ടി വന്നുവെങ്കില്‍ കൂടിയും കുഞ്ഞ് ആരോഗ്യവാനാണ് എന്നാണ് ആശുപത്രി വ്യക്തമാക്കുന്നത്. 

യാനിരയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ അതി വൈകാരികമായ രംഗങ്ങള്‍ക്കാണ് സൌത്ത് സൈഡ് ആശുപത്രി സാക്ഷ്യം വഹിച്ചത്. വീല്‍ചെയറില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കരഘോഷങ്ങള്‍ക്കിടയിലൂടെ വന്ന യാനിരയുടെ കൈയിലേക്ക് ഭര്‍ത്താവ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള വാള്‍ട്ടറിനെ നല്‍കി. അമ്മയില്‍ നിന്ന് വാള്‍ട്ടറിന് കൊവിഡ് 19 ബാധിച്ചിട്ടില്ല.