ആക്രമണമാരംഭിക്കുന്നതിന് ഒമ്പത് മിനിറ്റ് മുമ്പാണ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആ‍ർഡേൻ അക്രമി ഇമെയില്‍ അയച്ചത്. എന്തെങ്കിലും ചെയ്യാനാകുന്നതിന് മുമ്പ് തന്നെ അയാള്‍ നാശം വിതയ്ക്കുകയും ചെയ്തു.

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളികളില്‍ ആക്രമണമഴിച്ചു വിട്ട ഭീകരന്‍, കൃത്യം നടത്തുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നതായി വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി ജസിൻഡ ആ‍ർഡേന് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ആക്രമണം നടത്തുന്നതിന് ഒമ്പത് മിനിറ്റ് മുമ്പാണ് പ്രതി ബ്രെണ്ടണ്‍ ടറന്റ് 74 പേജുള്ള ഒരു അറിയിപ്പ് പ്രധാനമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ചത്. കുടിയേറ്റക്കാരോടുള്ള പ്രതിയുള്ള കടുത്ത വെറുപ്പും അസഹിഷ്ണുതയും വെളിവാക്കുന്നതായിരുന്നു ഈ വിജ്ഞാപനം. ഇമെയില്‍ കിട്ടി രണ്ട് മിനിറ്റിനുള്ളില്‍ പാര്‍ലമെന്ററി സുരക്ഷാ വകുപ്പിന് കൈമാറി. വിവരങ്ങള്‍ സ്ഥിരീകരിച്ചു വരുമ്പോഴേക്കും കൊലയാളി ആക്രമണം തുടങ്ങിയിരുന്നു.

ഭീകരന്‍ അയച്ച സന്ദേശത്തില്‍ ആക്രമണം നടത്താന്‍ പോകുന്ന സ്ഥലത്തെ കുറിച്ചോ സമയത്തെ കുറിച്ചോ ഉള്ള വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. അത്തരത്തില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടായിരുന്നെങ്കില്‍ ആക്രമണം തടയാന്‍ കഴിയുന്നതെല്ലാം ചെയ്യുമായിരുന്നുവെന്നും ജസിൻഡ ആ‍ർഡേൻ പറഞ്ഞു.

കൃത്യം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പ്രതി ഒറ്റയ്ക്കാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തോടനുബന്ധിച്ച് പൊലീസ് പിടികൂടിയ 3 പേരെ വിട്ടയക്കും. ഇതില്‍ ഒരു വനിതയും ഉള്‍പ്പെടുന്നു.

ന്യൂസീലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്നത്. 50 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ ഇപ്പോഴും ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. വേണ്ടപ്പെട്ടവരുടെ വിയോഗത്തില്‍ വിഷമിക്കുന്ന മുസ്ലിം സമുദായാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസിൻഡ ആ‍ർഡേൻ നേരിട്ട് വെല്ലിംഗ്ടണിലെത്തിയിരുന്നു.