Asianet News MalayalamAsianet News Malayalam

ന്യൂസീലൻഡിൽ മുസ്ലീം പള്ളികളിലുണ്ടായ വെടിവെപ്പിൽ മരണം 49 ആയി; നാല് പേർ കസ്റ്റഡിയിൽ

ഇത് ഭീകരാക്രമണം തന്നെയാണെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ പറയുന്നു. വലതുപക്ഷഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയത്. 

New Zealand Terror Attack 49 Killed After Australian Gunman Opens Fire at 2 Mosques
Author
New Zealand, First Published Mar 15, 2019, 3:17 PM IST

വെല്ലിംഗ്ടൺ: ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ മുസ്ലീംപള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ജസീന്ത ആർഡൻ തന്നെയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഇരുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

 മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയൻ പൗരനാണ് ആക്രമണം നടത്തിയവരിൽ ഒരാൾ. എത്ര പേർ നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസീലൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകത്തെ ‍ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്‍റെ മുനയിൽ നിരവധി പേർ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുകയായിരുന്നു. ക്ലോസ് റേ‌ഞ്ചിൽ, പോയന്‍റ് ബ്ലാങ്കിലാണ് അക്രമി പലരെയും വെടിവച്ചു വീഴ്ത്തിയത്. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. 

രണ്ട് പള്ളികളിലും പ്രാർഥനകൾ നടക്കുന്ന സമയത്താണ് അക്രമി തോക്കുമായി പാഞ്ഞെത്തി അക്രമം അഴിച്ചുവിട്ടത്. നിരവധി സ്ത്രീകളും കുട്ടികളും മരിച്ചവരിൽ പെടുന്നു. ന്യുസീലൻഡുമായി നടക്കുന്ന ഏകദിനമത്സരത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമും ആക്രമണം നടന്ന സമയത്ത് ഒരു പള്ളിയിലുണ്ടായിരുന്നു. തല നാരിഴയ്ക്കാണ് ടീമംഗങ്ങൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. 

''ഇത് ഭീകരാക്രമണം തന്നെയാണ്. ന്യൂസീലൻഡിന്‍റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളിലൊന്നാണിത്.'' പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണം തന്നെയാണിതെന്ന് ആർഡൻ വ്യക്തമാക്കി.

സ്ഥലത്ത് നിന്ന് രണ്ട് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) കളും കണ്ടെത്തിയിട്ടുണ്ട്. പൊലീസും ബോംബ് സ്ക്വാഡുമെത്തി ഇത് നിർവീര്യമാക്കി. 

ചോരയിൽ കുളിച്ച് നിരവധിപ്പേർ പള്ളിയിൽ നിന്ന് ഇറങ്ങിയോടുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. ഒരാളുടെ നെറ്റിയിൽ പോയന്‍റ് ബ്ലാങ്കിൽ വെടിവയ്ക്കുന്നത് കണ്ടതായി ഒരു പലസ്തീൻ പൗരൻ പറയുന്നു. പത്ത് സെക്കന്‍റിനുള്ളിൽ മൂന്ന് തവണ വെടിവച്ചത് കേട്ടതായി മറ്റൊരു ദൃക്സാക്ഷിയും പറയുന്നു.

New Zealand Terror Attack 49 Killed After Australian Gunman Opens Fire at 2 Mosques

: ആക്രമണം നടന്ന പള്ളികൾക്ക് മുന്നിൽ വിശ്വാസികൾ

ആക്രമണത്തിന്‍റെ ലൈവ് ദൃശ്യങ്ങൾ ഫേസ്ബുക്കിലും ട്വിറ്ററിലും പെരിസ്കോപ്പിലും പ്രചരിക്കുന്നത് സർക്കാർ തടഞ്ഞിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios