"നിങ്ങൾ കാൻസർ പോരാളിയാണ്. എല്ലായിടത്തും സ്ത്രീകൾക്കായി പൊരുതുന്നു. നിങ്ങളീ ചെയ്യുന്നത് തുടരുക!"- കനേഡിയൻ കാൻസർ സൊസൈറ്റി

ഒട്ടാവ: ബോഡി ഷെയിമിംഗ് നടത്തിയ ആള്‍ക്ക് ചാനലിലൂടെ ലൈവായി മറുപടി നല്‍കി കയ്യടി നേടി വാര്‍ത്താ അവതാരക. കനേഡിയൻ വാർത്താ അവതാരക ലെസ്ലി ഹോർട്ടൺ ആണ് അധിക്ഷേപിച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കിയത്. 

ഗ്ലോബൽ ന്യൂസ് എന്ന ചാനലില്‍ മോണിങ് ഷോയില്‍ പതിവുപോലെ ട്രാഫിക് ന്യൂസ് സെഗ്‌മെന്റിനിടെയാണ് സംഭവം. ഇ മെയിലിലൂടെ തന്‍റെ രൂപത്തെ അധിക്ഷേപിക്കുകയും ഗർഭിണിയാണോ എന്ന് ചോദിക്കുകയും ചെയ്ത ഒരാളെ കുറിച്ചാണ് ലെസ്ലി പറഞ്ഞത്. 

"ഗര്‍ഭിണിയായതിന് അഭിനന്ദനങ്ങൾ" എന്ന് പറഞ്ഞുകൊണ്ട് തനിക്ക് ലഭിച്ച ഒരു ഇമെയിലിനെ കുറിച്ചാണ് ഇനി സംസാരിക്കാനുള്ളതെന്ന് ലെസ്ലി വാര്‍ത്താ അവതരണത്തിനിടെ വ്യക്തമാക്കി. തുടര്‍ന്ന് ആ അധിക്ഷേപം നിറഞ്ഞ ഇ മെയില്‍ വായിച്ചു- "നിങ്ങൾ പഴയ ബസ് ഡ്രൈവർ പാന്റ്സ് ആണ് ധരിക്കുന്നതെങ്കില്‍ ഇതുപോലുള്ള ഇമെയിലുകൾ പ്രതീക്ഷിച്ചിരുന്നോ" 

Scroll to load tweet…

നന്ദിയെന്നാണ് ഇ മെയിലിനോടുള്ള ലെസ്ലിയുടെ ആദ്യ പ്രതികരണം. തുടര്‍ന്ന് പറഞ്ഞതിങ്ങനെ- "അല്ല, ഞാൻ ഗർഭിണിയല്ല. കഴിഞ്ഞ വർഷം കാൻസർ ബാധിച്ചതോടെ എന്റെ ഗർഭപാത്രം നഷ്ടപ്പെട്ടു. എന്റെ പ്രായത്തിലുള്ള സ്ത്രീകളുടെ രൂപം ഇങ്ങനെയാണ്. നിങ്ങൾക്കത് അരോചകമാണെങ്കിൽ, അത് നിർഭാഗ്യകരമാണ്". നിങ്ങൾ അയക്കുന്ന ഇമെയിലുകളെക്കുറിച്ച് ചിന്തിക്കുക എന്നു പറഞ്ഞാണ് ലെസ്ലി അവസാനിപ്പിച്ചത്.

ബോഡി ഷെയ്മിംഗിനോട് പ്രതികരിച്ച ലെസ്ലിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്- "നിങ്ങൾ കാൻസർ പോരാളിയാണ്. എല്ലായിടത്തും സ്ത്രീകൾക്കായി പൊരുതുന്നു. നിങ്ങളീ ചെയ്യുന്നത് തുടരുക!"- കനേഡിയൻ കാൻസർ സൊസൈറ്റി പ്രതികരിച്ചു. 

Scroll to load tweet…