Asianet News MalayalamAsianet News Malayalam

ചൈനയുടെ 8153 കോടി ചെലവില്‍ ആഴക്കടല്‍ തുറമുഖം തയ്യാര്‍; തെരഞ്ഞെടുപ്പ് ആയുധമാക്കാനൊരുങ്ങി നൈജീരിയ

2020 ജൂണിലാണ് തുറമുഖ നിര്‍മ്മാണം ആരംഭിച്ചത്. രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ പദ്ധതി മൂലം സാധിക്കുമെന്നാണ് നൈജീരിയന്‍ സര്‍ക്കാര്‍ വിശദമാക്കുന്നത്

Nigeria opened a billion dollar Chinese-built deep seaport in Lagos
Author
First Published Jan 24, 2023, 1:02 PM IST

ലാഗോസ്: ചൈനീസ് സഹായത്തോടെ നിര്‍മ്മിതമായ ആഴക്കടല്‍ തുറമുഖം ഉദ്ഘാടനം ചെയ്ത് നൈജീരിയ. എണ്ണായിരത്തി ഒരുന്നൂറ്റി അൻപത്തി മൂന്ന്  കോടി രൂപ ചെലവിലാണ് ഈ തുറമുഖം ഒരുക്കിയിട്ടുള്ളത്. കാര്‍ഗോയും വന്‍ കപ്പലുകളേയും അടക്കം കൈകാര്യം ചെയ്യുന്നതില്‍ ആഫ്രിക്കയിലെ ഹബ്ബായി നൈജീരിയയെ മാറ്റുന്നതില്‍ ലെക്കി ആഴക്കടല്‍ തുറമുഖം വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍. നൈജീരിയയുടെ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ സര്‍ക്കാരിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നാഴിക കല്ലാണ് ഈ തുറമുഖം.

നൈജീരിയന്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തിനുള്ള പിന്തുണയായും അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന്‍റെ സുപ്രധാനമായ ആയുധമായും എണ്ണായിരത്തി ഒരുന്നൂറ്റി അൻപത്തി മൂന്ന് കോടിയുടെ തുറമുഖം മാറുമെന്നത് ഉറപ്പാണ്. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരക്കുപിടിച്ച ഉദ്ഘാടനമെന്നതും ശ്രദ്ധേയമാണ്. ചൈന ഹാര്‍ബര്‍ എന്‍ജിനിയറിംഗ് കമ്പനി ആന്‍ഡ് ടോലോഗ്രാം ഗ്രൂപ്പാണ് തുറമുഖത്തിന്‍റെ 75 ശതമാനം ഉടമസ്ഥാവകാശവും. ബാക്കി 25 ശതമാനം ഉടമസ്ഥാവകാശം ലാഗോസ് സംസ്ഥാന സര്‍ക്കാരിനും നൈജീരിയന്‍ തുറമുഖ അതോറിറ്റിക്കുമാണ്.

രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഈ പദ്ധതി മൂലം സാധിക്കുമെന്നാണ് നൈജീരിയന്‍ സര്‍ക്കാര്‍ വിശദമാക്കുന്നത്. നൈജീരിയന്‍ പ്രസിഡന്‍റാണ് തിങ്കളാഴ്ച തുറമുഖം കമ്മീഷന്‍ ചെയ്തത്. നൈജീരിയയിലെ റോഡ്, റെയില്‍, പവര്‍ സ്റ്റേഷനുകള്‍ എന്നിവില്‍ സുപ്രധാന പങ്ക് വഹിക്കുന്നത് ചൈനയാണ്. 

പുതിയതായി തുറന്ന ആഴക്കടല്‍ തുറമുഖത്തേക്ക് ആദ്യമായി എത്തിയ കപ്പല്‍ ഫ്രഞ്ച്  കപ്പല്‍ കമ്പനിയുടേതാണ്. നൈജീരിയയുടെ ആദ്യത്തെ ആഴക്കടല്‍ തുറമുഖമാണ് ചൈനീസ് സഹായത്തോടെ ലാഗോസില്‍ തയ്യാറായിട്ടുള്ളത്. 1.2 മില്യണ്‍ കണ്ടെയ്നറുകളെ ഒരേസമയം ഈ തുറമുഖത്തിന് കൈകാര്യം ചെയ്യാനാവുമെന്നാണ് നൈജീരിയന്‍ അവകാശവാദം. ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ സേവനം ലഭ്യമാകുന്ന നൈജീരിയയിലെ ആദ്യത്തെ തുറമുഖം കൂടിയാണ് ഇത്. 2020 ജൂണിലാണ് തുറമുഖ നിര്‍മ്മാണം ആരംഭിച്ചത്. 

Follow Us:
Download App:
  • android
  • ios