Asianet News MalayalamAsianet News Malayalam

വിദ്യാര്‍ഥിനിയായിരിക്കേ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയി, തടവുകാലത്ത് 3 കുട്ടികളുടെ അമ്മയായി, ഒടുവില്‍ രക്ഷ

അഞ്ച് മാസം ഗർഭിണിയാണ് ലിഡിയ. ബോക്കോ ഹറാം തടവിലുള്ള സമയത്ത് മൂന്ന് കുട്ടികൾ ലിഡിയയ്ക്ക് ഉണ്ടായതായാണ് നൈജീരിയൻ സേന വ്യാഴാഴ്ച വിശദമാക്കിയത്

Nigerian woman rescued 10 years after kidnap by Boko Haram
Author
First Published Apr 19, 2024, 10:03 AM IST | Last Updated Apr 19, 2024, 10:03 AM IST

ചിബോക്: പത്ത് വർഷം മുൻപ് ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയ പെൺകുട്ടികളിലൊരാളെ നൈജീരിയൻ സേന രക്ഷപ്പെടുത്തി. ലിഡിയ സൈമൺ എന്ന യുവതിയെയാണ് രക്ഷപ്പെടുത്തിയത്. അഞ്ച് മാസം ഗർഭിണിയാണ് ലിഡിയ. ബോക്കോ ഹറാം തടവിലുള്ള സമയത്ത് മൂന്ന് കുട്ടികൾ ലിഡിയയ്ക്ക് ഉണ്ടായതായാണ് നൈജീരിയൻ സേന വ്യാഴാഴ്ച വിശദമാക്കിയത്. ചിബോകിൽ നിന്ന് 150 കിലോമീറ്റം കിഴക്കുള്ള ഗൌസാ കൌൺസിൽ പ്രദേശത്ത് നിന്നാണ് ലിഡിയയെ രക്ഷിച്ചത് 2014  ഏപ്രിൽ മാസത്തിൽ 276 സ്കൂൾ വിദ്യാർത്ഥിനികളേയാണ് ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്. ഇവരിൽ 82 പേരിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 

ഗ്ഘോഷേയിലെ ഒരു സ്ഥലത്ത് നിന്നാണ് ലിഡിയയെ കണ്ടെത്തിയതെന്നാണ് നൈജീരിയൻ സേന വിശദമാക്കുന്നത്. നൈജീരിയയിലെ വടക്ക് കിഴക്കൻ മേഖലയിലെ ബോർണോ സംസ്ഥാനത്താണ് ഗ്ഘോഷേ. ബോക്കോ ഹറാം തീവ്രവാദ സംഘടനയുടെ ഉത്ഭവ സ്ഥാനം കൂടിയാണ് ഇവിടം. ഇവിടെ നിന്നാണ് കാമറൂൺ, ചാഡ്, നൈജർ അടക്കമുള്ള അയൽ സംസ്ഥാനങ്ങളിലേക്ക് തീവ്രവാദ സംഘടന വ്യാപിച്ചത്. 

വലിയ രീതിയിലുള്ള തട്ടിക്കൊണ്ട് പോകലുകളുടെ തുടക്കമായാണ് 2014ലെ ചിബോക്കിലെ സ്കൂളിലെ തട്ടിക്കൊണ്ട് പോകൽ വിലയിരുത്തപ്പെടുന്നത്. തട്ടിക്കൊണ്ട് പോയ സമയത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളിൽ പലരേയും വിട്ടയ്ക്കുകയോ രക്ഷപ്പെടുകയോ ചെയ്തിട്ടുണ്ട്. എങ്കിലും സ്കൂളുകളെ ലക്ഷ്യമിട്ടുള്ള തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങൾ തുടരുകയാണ്. 

ചിബോക് തട്ടിക്കൊണ്ട് പോകലിന് ശേഷം 2190 വിദ്യാർത്ഥികളാണ് തട്ടിക്കൊണ്ട് പോകപ്പെട്ടിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന രേഖകളെ അടിസ്ഥാനമാക്കി അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. നൈജീരിയയിലെ വിവിധ സായുധ സംഘങ്ങൾ പണം അടക്കമുള്ള പല വിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇത്തരം കൂട്ട തട്ടിക്കൊണ്ട് പോകലുകൾ ഇവിടെ നടത്തുന്നുണ്ട്. 

ചിബോക് തട്ടിക്കൊണ്ട് പോകലിനിടെ 57ഓളം വിദ്യാർത്ഥിനികൾ ട്രെക്കുകളിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. 2017 മെയ് മാസത്തിൽ സർക്കാർ മോചന ദ്രവ്യം നൽകിയതിന്റെ അടിസ്ഥാനത്തിൽ 82 പേരെ തീവ്രവാദ സംഘം വിട്ടയിച്ചിരുന്നു. ഇതിന് ശേഷം തിരികെ എത്തിയവരിൽ പലരും വനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയവരായിരുന്നു. തിരികെ എത്തിയവരിൽ പലരും ബലാത്സംഗത്തിനിരയായെന്നും നിർബന്ധിതമായി വിവാഹിതരാവേണ്ടി വന്നുവെന്നും അവകാശ പ്രവർത്തകർ വിശദമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios