നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും വൈകാതെ തന്നെ മോചനം സാധ്യമാകുമെന്നും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനായ ഡോ. പോളാണ് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വീഡിയോയിലൂടെയാണ് ഡോ. പോളിന്‍റെ വെളിപ്പെടുത്തൽ
ഡൽഹി: യെമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന് ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വീഡിയോയിലൂടെയാണ് ഡോ. പോൾ ഇക്കാര്യം പറഞ്ഞത്. യെമനിലെ സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ ഇക്കാര്യം വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ അമ്മയുൾപ്പടെ ഉള്ളവർക്ക് നന്ദി അറിയിച്ചാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം ഡോ. പോളിന്‍റെ അവകാശവാദം വ്യാജമാണെന്ന് യെമനിൽ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവൽ ജെറോം പറഞ്ഞു.
വിശദ വിവരങ്ങൾ
യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശ്രമങ്ങളെ തുടർന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതെന്നാണ് ഡോ. പോൾ പറയുന്നത്. "നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു. ദൈവകൃപയാൽ, നിമിഷ പ്രിയ ഉടൻ മോചിതയാകുകയും ഇന്ത്യയിലെക്ക് മടക്കി എത്തിക്കാനാകുമെന്നും' - ഡോ പോൾ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഡോ. പോളിന്‍റെ അവകാശവാദം വ്യാജമാണെന്നാണ് യെമനിൽ നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പമുള്ള സാമൂവൽ ജെറോം വ്യക്തമാക്കിയത്.
ജൂലൈ 16 ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അവസാന നിമിഷം വിവിധ തലങ്ങളിൽ നടന്ന ഇടപെടലുകൾ മൂലം ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു. സർക്കാർ തലത്തിലെ ഇടപെടലുകൾക്കൊപ്പം, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ യെമനിലെ പണ്ഡിതന്മാരുമായി ചർച്ച നടത്തി കേസിൽ ഇടപെട്ടിരുന്നു. 2015 ൽ സനയിൽ യെമൻ പൗരനായ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ഒരു ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയോടൊപ്പം തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിൽ നിമിഷ അറസ്റ്റിലായി. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരെ നൽകിയ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു. ഒടുവിൽ ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് അവസാന നിമിഷം വധശിക്ഷ നീട്ടിവച്ചത്.
