ക്വാലാലംപൂർ: കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് ആരോ​ഗ്യപ്രവർത്തകർ. സ്വന്തം ജീവൻ പണയം വച്ചാണ് അവർ മറ്റുള്ളവർക്കായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത്. കൊവിഡ് പോരാട്ടത്തിൽ പങ്കാളികളായ ആരോ​ഗ്യപ്രവർത്തകർക്കായി പിപിഇ ഗൗണുകൾ (വ്യക്തിഗത സംരക്ഷണ വസ്ത്രങ്ങൾ) തുന്നുകയാണ് ഒരു ഒമ്പതുവയസുകാരി.

മലേഷ്യയിലെ നൂർ അഫിയ ക്വിസ്റ്റീന സംസുരി എന്ന സ്കൂൾ വിദ്യാർത്ഥിയാണ് ആരോ​ഗ്യപ്രവർത്തകർക്ക് പിപിഇ ​ഗൗണുകൾ തയ്ച്ച് മാതൃക ആയിരിക്കുന്നത്. കൊറോണ വൈറസ് എന്താണെന്ന് മനസ്സിലാക്കാൻ നൂറിന് പ്രയാസമായിരുന്നുവെങ്കിലും ഇതൊരു അപകടകാരിയാണെന്ന ബോധ്യം അവൾക്ക് ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 

അങ്ങനെയിരിക്കെയാണ് ഒരു പ്രാദേശിക ആശുപത്രി, സംരക്ഷക ഉപകരണങ്ങൾ തയ്ക്കാൻ ആളുകളെ തിരയുന്നുവെന്ന് നൂർ അഫിയ കേട്ടത്. പിന്നാലെ  ഈ സംരംഭത്തിൽ പങ്കുചേരാൻ ഈ മിടുക്കി സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് വയസ് മുതൽ തയ്യൽ പഠിച്ച നൂർ അഫിയ, ഒരു ദിവസം നാല് പിപിഇ ഗൗണുകൾ വരെ തുന്നും. 

തയ്യൽക്കാരിയായ അമ്മ ഹസ്‌ന ഹൂദ് വീട്ടിൽ ഇരുന്ന് വസ്ത്രങ്ങൾ നിർമ്മിക്കുന്നത് കണ്ടാണ് നൂർ അഫിയയ്ക്ക് തയ്യലിൽ താൽപ്പര്യം ഉണ്ടായത്. മാർച്ച് ആദ്യം മുതൽ സമീപത്തുള്ള രണ്ട് ആശുപത്രികൾക്കായി നൂർ അഫിയ 130 ​ഗൗണുകൾ ഉണ്ടാക്കി നൽകിയെന്നാണ് റിപ്പോർട്ടുകൾ.