വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് മുന്നേറുന്ന ജോ ബൈഡന്റെ, ഡെലവെയറിലെ വീടിന് മുകളിൽ കൂടി വിമാനം പറത്തുന്നതിന് വിലക്കേർപ്പെടുത്തി. വീടിന് മുകളിൽ ഒരു മൈൽ റേഡിയസിൽ (അർദ്ധവ്യാസം) വിമാനം പറത്തരുതെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പൈലറ്റുമാരെ അറിയിച്ചിരിക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ തീരുമാനം. അടിയന്തിര സാഹചര്യത്തിലല്ലാതെ ഇതുവഴി വിമാനം പറത്തരുത്. 

ഈ നിയന്ത്രണം 2016 ഒക്ടോബർ എട്ടിന് നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസ്, ഫോർമർ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, സെൻ ടിം കെയ്ൻ എന്നിവരുടെ വീടുകൾക്ക് മുകളിലും ഏർപ്പെടുത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ഹിലരി ക്ലിന്റന്റെയും കെയ്‌നിന്റെയും വീടുകൾക്ക് മുകളിലെ നിയന്ത്രണം നീക്കുകയും ചെയ്തിരുന്നു. 

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയോടെയാണ് ബൈഡന്റെ മുന്നേറ്റം. റിപ്പബ്ലിക്കൻസിന്റെ ഉറച്ച സംസ്ഥാനമായ ജോർജിയ കീഴടക്കിയ ബൈഡൻ ഒടുവിൽ വിവരം കിട്ടുമ്പോൾ പെൻസിൽവാനിയയിലും ലീഡുയർത്തി മുന്നേറുകയാണ്. നിലവിൽ 264 ഇലക്ടറൽ സീറ്റ് ലഭിച്ച ബൈഡൻ ഇപ്പോൾ നെവാദ, ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിലായി 42 ഇലക്ടറൽ വോട്ടുകൾ കൂടി ഉറപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തെത്താൻ വേണ്ടത് 270 ഇലക്ടറൽ വോട്ടുകളാണ്. ലീഡ് നിലനിർത്തിയാൽ ബൈഡന് 306 ഇലക്ടറൽ വോട്ടുകളാവും ലഭിക്കുക.

നോർത്ത് കരോലിനയിൽ മാത്രമാണ് ട്രംപ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ഇവിടെയുള്ള 15 ഇലക്ടറൽ വോട്ടുകൾ കിട്ടിയാലും ട്രംപിന് 229 ഇലക്ടറൽ വോട്ടുകൾ മാത്രമേ ആകെ ലഭിക്കൂ. ട്രംപിന്റെ വാർത്താ സമ്മേളനം മാധ്യമങ്ങൾ പാതിയിൽ നിർത്തിയതടക്കമുള്ള കാര്യങ്ങൾ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റിന്റെ കസേരയിളകിയെന്ന സൂചന തന്നെയാണ്. 

തപാൽ വോട്ടുകൾ ഇപ്പോഴും പല സംസ്ഥാനങ്ങളിലേക്കും വരുന്നുണ്ട്. ഇത് ബൈഡൻ പക്ഷത്തിന് തന്നെയാണ് കരുത്തേകുന്നത്.  ജോർജിയക്ക് പുറമെ റിപ്പബ്ലിക്കൻ ക്യാംപിനെ ഞെട്ടിച്ചിരിക്കുകയാണ് അരിസോണയും. ഇതും റിപ്പബ്ലിക്കൻസിന്റെ കോട്ടയായാണ് അറിയപ്പെട്ടത്. 11 ഇലക്ടറൽ വോട്ടുകൾ ഉള്ള അരിസോണയിൽ ആദ്യം മുതൽ ബൈഡനാണ് ലീഡ് ചെയ്തത്. ഇവിടെ ബൈഡൻ ജയിക്കും എന്നാണ് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ഉറപ്പിച്ചു പറയുന്നത്. റിപ്പബ്ളിക്കൻ പാർട്ടിയോട് ചായ്‌വ് കാണിക്കുന്ന ഫോക്സ് ന്യൂസും ബൈഡൻ ജയിക്കും എന്നാണ് പ്രവചിക്കുന്നത്.