ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ നിന്ന് വിട്ടയക്കുന്ന അഞ്ച് ഇന്ത്യക്കാരില്‍ മലയാളികൾ ഇല്ല. "സ്റ്റെന ഇംപെറോ' കപ്പലിൽ അഞ്ച് ഇന്ത്യക്കാർ അടക്കം ഏഴ് പേരെയാണ് ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്നത്. കപ്പൽ കമ്പനി അധികൃതർ ബന്ധുക്കളെ അറിയിച്ചതാണ് ഈ വിവരം. ജൂലൈയിലാണ് ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. 

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ നിന്ന് വിട്ടയക്കുന്ന ഏഴ് പേരിൽ മലയാളികൾ ആരുമില്ലെന്ന് മകൻ അറിയിച്ചതായി കപ്പലിലുള്ള മലയാളികളിലൊരാളായ ഷിജു ഷേണായുടെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകൻ ദിവസവും വിളിക്കാറുണ്ടെന്നും ഉടൻ തന്നെ വിട്ടയക്കുമെന്നാണ് പ്രതീക്ഷയെന്നും ഷിജുവിന്‍റെ അച്ഛൻ പറഞ്ഞു.

ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്ത് തടവിലാക്കപ്പെട്ട എണ്ണക്കപ്പലിൽ 23 ജീവനക്കാരാണുള്ളത്. ഇതിൽ മൂന്ന് മലയാളികളടക്കം 18 പേർ ഇന്ത്യക്കാരാണ്. കളമശേരി തേക്കാനത്തു വീട്ടിൽ ഡിജോ പാപ്പച്ചൻ, ഇരുമ്പനം സ്വദേശി സിജു വി ഷേണായി, കാസർകോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികൾ. 

ജൂലൈ 19നാണ് ബ്രിട്ടന്‍റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ  ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന് പ്രതികാരമായി ആയിരുന്നു നടപടി. ഓഗസ്റ്റില്‍ ഗ്രേസ്-1 ബ്രിട്ടന്‍ വിട്ടയച്ചിരുന്നു.