അവകാശങ്ങൾ അംഗീകരിക്കുകയും ഉപരോധം നീക്കുകയും ചെയ്താൽ മാത്രമേ ചർച്ചകൾക്ക് തയ്യാറാകൂ എന്ന് ഇറാൻ നിലപാട് കടുപ്പിച്ചു. ഇതോടെ പാകിസ്ഥാനിൽ തുടങ്ങാനിരിക്കുന്ന അമേരിക്ക - ഇറാൻ സമാധാന ചർച്ചകൾ കൂടുതൽ അനിശ്ചിതത്വത്തിലായി
ടെഹ്റാൻ: ഇറാന്റെ താത്പര്യങ്ങളും അവകാശങ്ങളും പൂർണ്ണമായി അംഗീകരിച്ചാൽ മാത്രമേ അമേരിക്കയുമായുള്ള ചർച്ചകളുമായി മുന്നോട്ട് പോകൂ എന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം നീക്കാതെ ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപാധികൾ അംഗീകരിക്കാത്ത പക്ഷം നിലവിലെ വെടിനിർത്തൽ നീക്കങ്ങൾക്കും പ്രസക്തിയില്ലെന്ന ഇറാന്റെ നിലപാട് സ്പീക്കർ അറിയിച്ചതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. പാകിസ്ഥാനിൽ തുടങ്ങാനിരിക്കുന്ന അമേരിക്ക - ഇറാൻ സമാധാന ചർച്ചയും കൂടുതൽ അനിശ്ചിതത്വത്തിലായിട്ടുണ്ട്. പാകിസ്ഥാനിലെ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടും അമേരിക്ക വെടിനിർത്തൽ നീട്ടിയത് തങ്ങളുടെ വിജയമാണെന്നും ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ നീട്ടുകയാണെന്ന് പ്രഖ്യാപിച്ചത്. പുതിയ തിയതി പോലും പറയാതെയാണ് ട്രംപ് വെടിനിർത്തൽ നീട്ടിയത് എന്നതിനാൽ ഇത് നീളാനും സാധ്യതയുണ്ട്. അതിനിടയിൽ സമാധാന ചർച്ച പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ ഹോർമൂസിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നത് ആശങ്കയും വർധിപ്പിച്ചിട്ടുണ്ട്.
2 അമേരിക്കൻ-ഇസ്രയേൽ കപ്പലുകൾ പിടിച്ചെടുത്തെന്ന് ഇറാൻ
അതേസമയം ഹോർമൂസ് കടലിടുക്കിലെ നാവിക ഉപരോധം നീക്കാൻ അമേരിക്ക തയാറാകാത്തതിന് പിന്നാലെ ഹോർമൂസിനോട് ചേർന്നുള്ള പ്രദേശത്തെ കപ്പലുകളെ ഇറാൻ ആക്രമിച്ചു. ഒമാൻ, ഇറാൻ തീരങ്ങളോട് ചേർന്ന് രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി. അമേരിക്കൻ - ഇസ്രയേൽ ബന്ധമുള്ള രണ്ട് കപ്പലുകൾ പിടിച്ചെടുത്തെന്നും ഇറാൻ അവകാശപ്പെട്ടു. എം എസ് സി ഫ്രാൻസിസ്ക, എപാമിനോഡസ് എന്നീ കപ്പലുകൾ ആണ് പിടിച്ചെടുത്തത് എന്ന് ഇറാൻ സായുധ സേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ (ഐ ആർ ജി സി) അവകാശവാദം. ഹോർമൂസിലെ അമേരിക്കൻ ഉപരോധത്തെയും ഇറാൻ മാധ്യമങ്ങൾ പരിഹസിച്ചു. 34 ടാങ്കറുകൾ അമേരിക്കൻ ഉപരോധം മറിടകടന്നെന്നാണ് ഇറാൻ മാധ്യമങ്ങളുടെ അവകാശവാദം. ഒമാൻ തീരത്തിന് 15 നോട്ടിക്കൽ മൈൽ അകലെ ഗൺബോട്ടിലെത്തിയ ഐ ആർ ജി സി സംഘമാണ് ചരക്കു കപ്പലിന് നേരെ വെടിയുതിർത്തത്. കപ്പലിന്റെ ബ്രിഡ്ജിന് തകരാറുണ്ടായെന്ന് യു കെ മാരിടൈം ഏജൻസി വ്യക്തമാക്കി. ആർക്കും പരിക്കില്ലെന്നും യു കെ മാരിടൈം ഏജൻസി അറിയിച്ചു. ഇറാൻ തീരത്തോട് ചേർന്നാണ് മറ്റൊരു കപ്പൽ ആക്രമിക്കപ്പെട്ടത്. കടന്നുപോകാൻ ശ്രമിച്ച കപ്പൽ വെടിവെച്ച് നിർത്തിക്കുകയായിരുന്നു എന്നാണ് ഐ ആർ ജി സി പറയുന്നത്. അമേരിക്കൻ - ഇസ്രയേൽ ബന്ധമുള്ള രണ്ട് കപ്പൽ പിടിച്ചെടുത്തെന്നും ഇറാൻ അവകാശപ്പെട്ടു. നിയന്ത്രണം മറികടന്നു പോകാൻ ശ്രമിച്ചെന്ന് കാട്ടിയാണ് പിടിച്ചെടുത്തതെന്നാണ് അവകാശവാദം. നാവിക ഉപരോധം നീക്കാൻ തയാറാകാതെയും, ചർച്ച നടക്കാതെയും ഇരിക്കുന്ന ഘട്ടം സമുദ്ര ഗതാഗതം കൂടുതൽ അനിശ്ചിതത്വത്തിലായിട്ടുണ്ട്. ഹോർമൂസിലെ ഉപരോധം നീളുന്നത് യുദ്ധത്തോളം തന്നെ കടുപ്പമേറിയതാണ് ഇറാന്. കപ്പലുകൾ വിട്ടുനൽകാൻ യു എൻ ഇടപെടണമെന്ന് ഇറാൻ കത്തയച്ചു. ഇറാൻ പരമോന്നത നേതാവെടുക്കുന്ന തീരുമാനമായിരിക്കും ചർച്ചയുടെ കാര്യത്തിൽ പ്രധാനം.
