വ്യാഴാഴ്ച വൈകിട്ടോടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ പോങ്ബുക് പ്രവിശ്യയിലെ സിനോ-രി മേഖലയിലായിരുന്നു ഉത്തരകൊറിയയുടെ പരീക്ഷണമെന്ന് ദക്ഷിണകൊറിയ അറിയിച്ചു.

സോള്‍: 'അജ്ഞാത ആയുധം' പരീക്ഷിച്ച് ഉത്തരകൊറിയ. ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കവെയാണ് നോര്‍ത്ത് കൊറിയയുടെ ഈ പരീക്ഷണം. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയ അജ്ഞാത ആയുധം പരീക്ഷിച്ചുവെന്ന് ദക്ഷിണകൊറിയന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. 

വ്യാഴാഴ്ച വൈകിട്ടോടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ പോങ്ബുക് പ്രവിശ്യയിലെ സിനോ-രി മേഖലയിലായിരുന്നു ഉത്തരകൊറിയയുടെ പരീക്ഷണമെന്ന് ദക്ഷിണകൊറിയ അറിയിച്ചു. ഇതോടെ ദക്ഷിണകൊറിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കും യുഎസുമായുള്ള കൂടിയാലോചനകള്‍ക്കും ഇത് തടസ്സമാകും. 

യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും രണ്ടു തവണ ചര്‍ച്ച നടത്തിയെങ്കിലും സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ സമ്മതം മൂളിയിട്ടില്ല. ആണവപോര്‍മുന വഹിക്കാവുന്ന തരത്തിലുള്ള നൂതനമായ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് ശനിയാഴ്ച പരീക്ഷിച്ചതെന്നാണ് ആയുധ വിദഗ്ധര്‍ വിലയിരുത്തുന്നത്.

റഷ്യന്‍ ബാലിസ്റ്റിക് മിസൈലായ ഇസ്‌കന്‍ഡേറിനു സമാനമായ മിസൈലാണതെന്ന് അന്താരാഷ്ട്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിലെ മിസൈല്‍ പ്രതിരോധ വിദഗ്ധന്‍ മിഷേല്‍ എല്ലേമന്‍ വ്യക്തമാക്കി.