പ്യോങ്യാങ്: പരസ്യവധശിക്ഷ നടപ്പിലാക്കാൻ ഉത്തര കൊറിയൻ സർക്കാർ ഉപയോ​ഗിച്ചു വരുന്ന 318 ശിക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ദക്ഷിണ കൊറിയയിലെ സന്നദ്ധ സം​ഘടനയായ 'ട്രാൻസിഷണൽ ജസ്റ്റിസ് വർക്ക് ​ഗ്രൂപ്പ്' ആണ് വിവരങ്ങൾ‌ പുറത്ത് വിട്ടത്. 610 ഉത്തര കൊറിയൻ വിമതരുമായി അഭിമുഖം നടത്തിയാണ് സംഘടന റിപ്പോർട്ട് തയ്യാറാക്കിയത്. നാല് വർഷം സമയമെടുത്താണ് 'മാപ്പിങ് ദ ഫേയ്റ്റ് ഓഫ് ഡെഡ്' എന്ന തലക്കെട്ടോടുകൂടി തയ്യാറാക്കിയ റിപ്പോർട്ട് വ്യാഴാഴ്ച്ച സംഘടന പുറത്തിറക്കിയത്.

പശുവിനെ മോഷ്ടിച്ചത് മുതൽ ദക്ഷിണ കൊറിയൻ ടിവി കണ്ടു എന്നതുൾ‌പ്പടെയുള്ള കുറ്റങ്ങൾക്കാണ് വധശിക്ഷ നടപ്പിലാക്കിയത്. പുഴയോരം, ചന്ത, സ്കൂൾ, കളിക്കളം എന്നിവിടങ്ങളിലാണ് പ്രധാനമായും പരസ്യവധശിക്ഷ നടത്താറുള്ളത്. ആയിരത്തിലധികം ആളുകൾ കണ്ടുനിൽക്കെയാണ് വധശിക്ഷ നടപ്പിലാക്കുക. ലേബർ ക്യാമ്പ്, ജയിൽ എന്നിവിടങ്ങളിൽ വച്ചും പരസ്യവധശിക്ഷ നടത്താറുണ്ട്. രാഷ്ട്രീയപരമായ കുറ്റകൃത്യങ്ങൾക്ക് ഖനനം, മരം മുറിച്ച് കടത്തൽ തുടങ്ങിയ ജോലികൾ ചെയ്യുക എന്നത് ശിക്ഷയെന്നും റിപ്പോർട്ടിൽ പറയുന്നു.

വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ കുട്ടികളെയടക്കം ഉറ്റബന്ധുക്കളെ പോലും ശിക്ഷ നടപ്പിലാക്കുന്നത് കാണാൻ നിർബന്ധിക്കാറുണ്ട്. ശിക്ഷയ്ക്കിരയാകുന്നരുടെ മൃതദേഹം വളരെ വിരളമായി മാത്രമേ ബന്ധുക്കൾക്ക് വിട്ട് നൽകാറുള്ളു. ഏഴ് വയസ്സുള്ളപ്പോൾ പരസ്യവധശിക്ഷ കാണാൻ നിർബന്ധിതനായ യുവാവിന്റെയും ചൈനയിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പിടിയിലായ മൂന്ന് സ്ത്രീകളുടെ വധശിക്ഷ നേരിൽ കണേണ്ടിവന്ന തടവ് പുള്ളിയുടേയും മൊഴി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'ഇത് നിങ്ങൾക്കും സംഭവിക്കാം' എന്ന മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് അധികൃതർ വധശിക്ഷ നടപ്പിലാക്കുകയെന്നാണ് സാക്ഷികൾ പറയുന്നത്. സർക്കാരിനെതിരായ അട്ടിമറി ശ്രമം, കൊലപാതകം, രാജ്യദ്രോഹം, ബലാത്സം​ഗം, മയക്ക് മരുന്ന് കടത്ത്, ചാരപ്രവൃത്തി തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരേയാണ് രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുക.

കഴിഞ്ഞ ദിവസം ഉത്തര കൊറിയയില്‍ സൈനിക ജനറലിനെ ഭരണാധികാരി കിം ജോങ് ഉന്‍ വധിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പിടിയിലായ ജനറലിനെ വിചിത്രമായ രീതിയിലാണ് വധിച്ചത്. സൈനിക ജനറലിനെ വെട്ടി നുറുക്കി ബ്രിസീലില്‍ നിന്ന് കൊണ്ടുവന്ന പിരാന മല്‍സ്യങ്ങൾക്ക് ഇട്ട് കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.