2020 ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കൊവിഡ്19 മഹാമാരി തങ്ങളുടെ രാജ്യത്തിന്‍റെ നിലനില്‍പ്പിനെതിരായ വെല്ലുവിളിയായി കണക്കിലെടുത്ത് നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉത്തര കൊറിയ അറിയിച്ചിരുന്നത്. 

പോംങ്ഗ്യാങ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും, വൈറസിനെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തിയെന്ന അവകാശവാദവുമായി ഉത്തര കൊറിയ. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഉത്തര കൊറിയ ഇത്തരം അവകാശവാദം ഉന്നയിക്കുന്നത്. 

2020 ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കൊവിഡ്19 മഹാമാരി തങ്ങളുടെ രാജ്യത്തിന്‍റെ നിലനില്‍പ്പിനെതിരായ വെല്ലുവിളിയായി കണക്കിലെടുത്ത് നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉത്തര കൊറിയ അറിയിച്ചിരുന്നത്. ഇതിന്‍റെ ഭാഗമായി വിദേശ ടൂറിസ്റ്റുകള്‍ക്ക്, മറ്റുരാജ്യങ്ങളില്‍ നിന്നും നിയമിതരായ പുതിയ നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തി. 10,000 പേരെ ക്വറന്‍റെയിനില്‍ പ്രവേശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ അതിന് ശേഷം ഒരു വര്‍ഷത്തിന് ശേഷം ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍, ഇതുവരെ ഉത്തരകൊറിയയില്‍ ഒരു കൊവിഡ് കേസ് പൊലും ഇല്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരകൊറിയന്‍ അവകാശവാദം വിശ്വസനീയമല്ലെന്നാണ് പാശ്ചത്യ മാധ്യമങ്ങള്‍ പറയുന്നത്. സാമ്പത്തിക അതിജീവനത്തിന്‍റെ ഭാഗമായാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് എന്നാണ് ഇവര്‍ പറയുന്നത്.

ഉത്തര കൊറിയന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകാരോഗ്യ സംഘടനയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം എ.പി റിപ്പോര്‍ട്ട് ചെയ്യുന്നത്, കൊവിഡ് പ്രതിസന്ധി ആരംഭിച്ചതു മുതല്‍ കഴിഞ്ഞ ഏപ്രില്‍ 1വരെ 23,121 കൊവിഡ് ടെസ്റ്റുകള്‍ ഉത്തര കൊറിയ നടത്തി. എന്നാല്‍ ഇവയെല്ലാം നെഗറ്റീവാണെന്നാണ് അവകാശവാദം. 

എന്നാല്‍ എത്ര പേര്‍ ക്വറന്‍റെയിനിലുണ്ട് തുടങ്ങിയ വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഉത്തരകൊറിയ കൈമാറിയിട്ടില്ല. രാജ്യത്തേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കില്ലെന്ന് ചൊവ്വാഴ്ച ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. അതേ സമയം ഫെബ്രുവരിയില്‍ ഉത്തരകൊറിയയ്ക്ക് യുഎന്‍ വാക്സിന്‍ പരിപാടിയുടെ ഭാഗമായി 19 ലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാവി എന്താകും പുതിയ റിപ്പോര്‍ട്ട് പ്രകാരം എന്നത് വ്യക്തമല്ല.