പോങ്യാംഗ്: യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനിക അഭ്യാസം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഉത്തരകൊറിയ രണ്ട് ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണ ദക്ഷിണകൊറിയന്‍ സൈന്യമാണ് പുറത്തുവിട്ടത്. ഈ മാസം ഏഴാമത്തെ മിസൈലാണ് ഉത്തരകൊറിയ പരീക്ഷിക്കുന്നത്. ശനിയാഴ്ചയായിരുന്നു ഹ്രസ്വദൂര മിസൈലുകളുടെ പരീക്ഷണം. 

സംയുക്ത സൈനിക പരിശീലനത്തിനിടെ ഉത്തരകൊറിയ ആയുധ പരീക്ഷണം നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു അമേരിക്കയും ദക്ഷിണ കൊറിയയും. വടക്കുകിഴക്കന്‍ ദക്ഷിണ ഹാംഗ്യോങ്ങിലാണ് പരീക്ഷണം നടത്തിയത്. ഉത്തരകൊറിയയുടെ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചു. നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചതിനെ ദക്ഷിണ കൊറിയ അപലപിച്ചു. എന്നാല്‍, ഉത്തരകൊറിയക്കുമേലുള്ള ഉപരോധം നീക്കാന്‍ അമേരിക്ക തയ്യാറായില്ലെങ്കില്‍ അമേരിക്ക വലിയ ഭീഷണിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് ഉത്തരകൊറിയ.

ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടരി മൈക്ക് പോംപിയോയെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അതേസമയം, ഉത്തരകൊറിയയുമായുള്ള ചര്‍ച്ച പുനരാരംഭിക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ഉത്തരകൊറിയയിലെ യുഎസ് സ്ഥാനപതി സ്റ്റീഫന്‍ ബിഗന്‍ വ്യക്തമാക്കിയിരുന്നു. ദക്ഷിണകൊറിയയില്‍ യുഎസ്-ദക്ഷണി കൊറിയ  സംയുക്ത സൈനികാഭ്യാസത്തില്‍ ഉത്തരകൊറിയക്ക് കടുത്ത അമര്‍ഷമാണുള്ളത്.