Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിന്‍ ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം സമാനമായ ഒരു മുന്നറിയിപ്പ് മൈക്രോസോഫ്റ്റ് നല്‍കിയിരുന്നു. ഉത്തര കൊറിയ ആസ്ഥാനമാക്കിയ ഹാക്കര്‍മാര്‍ ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിലെ വാക്സിന്‍ വികസിപ്പിക്കുന്ന കമ്പനികളെ ലക്ഷ്യം വയ്ക്കുന്നു എന്നതാണ് മുന്നറിയിപ്പ്. 

North Korean hackers tried to disrupt vaccine efforts in South says spy agency
Author
Seoul, First Published Nov 27, 2020, 10:22 PM IST

സിയോള്‍: കൊവിഡ് വാക്സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ദക്ഷിണ കൊറിയന്‍ കമ്പനികള്‍ ലക്ഷ്യമാക്കി ഉത്തര കൊറിയ നടത്തിയ സൈബര്‍ ആക്രമണം തകര്‍ത്തുവെന്ന് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ ദേശീയ ഇന്‍റലിജന്‍സ് ഏജന്‍സിയെ ഉദ്ധരിച്ച് കൊറിയന്‍ പാര്‍ലമെന്റ് കമ്മിറ്റിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ എപ്പോഴാണ് ആക്രമണം നടന്നത് എന്ന് സംബന്ധിച്ച് വിശദീകരണം ഇവര്‍ നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസം സമാനമായ ഒരു മുന്നറിയിപ്പ് മൈക്രോസോഫ്റ്റ് നല്‍കിയിരുന്നു. ഉത്തര കൊറിയ ആസ്ഥാനമാക്കിയ ഹാക്കര്‍മാര്‍ ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിലെ വാക്സിന്‍ വികസിപ്പിക്കുന്ന കമ്പനികളെ ലക്ഷ്യം വയ്ക്കുന്നു എന്നതാണ് മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ വെളിപ്പെടുത്തല്‍. 

അതേ സമയം റോയിട്ടേര്‍സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര കൊറിയന്‍ ഹാക്കര്‍മാരുടെ ആക്രമണം കൊവിഡ് വാക്സിന്‍ നിര്‍മ്മാണത്തില്‍ ഏറെ പുരോഗതി നേടിയ ബ്രിട്ടീഷ് കമ്പനി അസ്ട്ര സനേകയ്ക്കെതിരെ നടന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇത് വിദഗ്ധമായി പരാജയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

ഹാക്കര്‍മാര്‍ അസ്ട്ര ജീവനക്കാരെ ഒരു ജോലികാര്യവുമായി ബന്ധപ്പെട്ട് സമ്പര്‍ക്കം സ്ഥാപിച്ച് അവരുടെ സിസ്റ്റം ഹാക്ക് ചെയ്യാനുള്ള ശ്രമമാണ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല എന്നാണ് സൂചന. 

അതേ സമയം തന്നെ ഇന്ത്യയിലെ ആരോഗ്യ മേഖല, ആശുപത്രികള്‍, വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ വന്‍ സൈബര്‍ ആക്രമണ ഭീഷണിയിലാണ് എന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 15വരെയുള്ള കണക്കുകള്‍ പ്രകാരം ആരോഗ്യമേഖലയിലെ വിവിധ വിഭാഗങ്ങളിലായി 70 ലക്ഷത്തോളം സൈബര്‍ ആക്രമണങ്ങളോ, സൈബര്‍ ആക്രമണ ശ്രമങ്ങളോ നടന്നുവെന്നാണ് സൈബര്‍ പീസ് ഫൗണ്ടേഷനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios