പ്യോങ്യാങ്(ഉത്തര കൊറിയ): ആറുവര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനൊപ്പം വേദി പങ്കിട്ട് പിതൃസഹോദരി. ഉത്തരകൊറിയയിലെ മുന്‍ നേതാവുമായ കിങ് ജോങ് രണ്ടാമന്‍റെ ഒരേയൊരു സഹോദരിയായ കിം ക്യോങ് ഹൂയിയെ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാവുന്നതിന്‍റെ ഇടയിലാണ് സംഭവം.  പ്യോങ്യാഭില്‍ കിം ജോങ് ഉന്നിനും ഭാര്യക്കുമൊപ്പം വേദി പങ്കിടുന്ന പിതൃസഹോദരിയുടെ ചിത്രങ്ങള്‍ ഉത്തര കൊറിയയിലെ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിട്ടു. പുതുവര്‍ഷാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായാണ് കിം ക്യോങ് ഹൂയിയെത്തിയത്.

ചാരപ്രവര്‍ത്തി ആരോപിച്ച് കിം ക്യോങ് ഹൂയിയുടെ ഭര്‍ത്താവും ഉത്തരകൊറിയയിലെ നേതാവുമായിരുന്ന ജങ് സോങിനെ 2013ലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് ശേഷം കിം ക്യോങ് ഹൂയി പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. ഇവരെ കിം ജോങ് ഉന്‍ കൊലപ്പെടുത്തിയിരിക്കാനാണ് സാധ്യതയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. കിങ് ജോങ് ഉന്നിന്‍റെ വിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചതാവാം പ്രമുഖ സ്ഥാനം നല്‍കി ഇവരെ പൊതുപരിപാടിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിച്ചതെന്നാണ് നിരീക്ഷണങ്ങള്‍. 

ഒരു ദശാബ്ദത്തിന് മുന്‍പ് കിങ് ജോങ് ഉന്നിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു കിം ക്യോങ് ഹൂയിയും ഭര്‍ത്താവും. കിമ്മിന്‍റെ ഉപദേശകനായി ലോകം വിലയിരുത്തിയിരുന്നത് ജങ് സോങിനെയായിന്നു. 2011ലാണ് കിം ഉത്തര കൊറിയയുടെ നേതൃസ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ കിം രണ്ട് വര്‍ഷത്തിനിപ്പുറം പിതൃ സഹോദരിയുടെ ഭര്‍ത്താവിനെ വധശിക്ഷയ്ക്ക് വിധിച്ചത് വലിയ വാര്‍ത്തയായിരുന്നു. അധികാര സ്ഥാനത്തില്‍ തനിക്ക് വെല്ലുവിളിയാവുമെന്ന വിലയിരുത്തലായിരുന്നു കിമ്മിനെ പിതൃസഹോദരിയുടെ ഭര്‍ത്താവിനെ വകവരുത്താന്‍ കാരണമായതെന്നായിരുന്നു പുറത്ത് വന്ന വിവരങ്ങള്‍. 

2013ല്‍ കിം ജോങ് രണ്ടാമന്‍റെ രണ്ടാം ചരമ വാര്‍ഷിക പരിപാടിയിലും കിം ക്യോങ് പങ്കെടുത്തിരുന്നില്ല. ക്രൂരനായ ഏകാധിപതിയെന്ന പേരില്‍ നിന്ന് പുറത്ത് എത്താനായി കുടുംബത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാനുള്ള കിമ്മിന്‍റെ ശ്രമമായാണ് പിതൃസഹോദരിയുമായുള്ള വേദി പങ്കിടലിനേക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.