ലോക ഹിജാബ് ദിനത്തിൽ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ ഓഫീസ് പങ്കുവെച്ച പോസ്റ്റിനെ ചൊല്ലി വിമർശനം. ഇറാനിലെ നിർബന്ധിത ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഈ പോസ്റ്റ് ക്രൂരതയാണെന്ന് വിമർശകർ പറയുന്നു.
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയുടെ ഓഫീസിന്‍റെ ലോക ഹിജാബ് ദിന പോസ്റ്റിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച. ഹിജാബിനെ വിശ്വാസത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമായി വിശേഷിപ്പിച്ചു കൊണ്ടുള്ള മേയറുടെ ഓഫീസിന്‍റെ എക്സ് അക്കൌണ്ടിലെ കുറിപ്പിനെതിരെയാണ് ഒരു വിഭാഗം വിമർശനം ഉന്നയിച്ചത്. ഇറാനിൽ നിർബന്ധിത ഹിജാബ് നിയമങ്ങൾക്കെതിരെ സ്ത്രീകൾ ജീവൻ പണയം വച്ച് പോരാടുമ്പോൾ, ന്യൂയോർക്ക് മേയർ ഹിജാബിനെ ആഘോഷിക്കുന്നത് ക്രൂരതയാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
ലോക ഹിജാബ് ദിനത്തോടനുബന്ധിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ ഓഫീസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ആഗോള തലത്തിൽ ചർച്ചയാവുകയാണ്. ഹിജാബിനെ വിശ്വാസത്തിന്‍റെയും സ്വത്വത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകം എന്ന് വിശേഷിപ്പിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ സ്ത്രീകൾ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഈ പോസ്റ്റ് അനുചിതമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വിമർശനം ഇറാനിലെ സ്ത്രീകളെ ചൂണ്ടിക്കാട്ടി
മേയറുടെ കീഴിലുള്ള 'ഓഫീസ് ഓഫ് ഇമിഗ്രന്റ് അഫയേഴ്‌സ്' ആണ് പോസ്റ്റ് പങ്കുവെച്ചത്- "ലോകമെമ്പാടുമുള്ള മുസ്ലീം സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിശ്വാസത്തെയും സ്വത്വത്തെയും ഇന്ന് ഞങ്ങൾ ആഘോഷിക്കുന്നു. ഹിജാബ് ധരിക്കാൻ തീരുമാനിച്ചവരെ സംബന്ധിച്ച് അത് വിശ്വാസത്തിന്‍റെയും മുസ്ലിം പൈതൃകത്തിന്‍റെയും അടയാളമാണ്" എന്നാണ് പോസ്റ്റിൽ പറയുന്നത്.
ഇറാനിയൻ-അമേരിക്കൻ മാധ്യമപ്രവർത്തക മസീഹ് അലിനെജാദ് ചോദിച്ചതിങ്ങനെ: "മിസ്റ്റർ മംദാനി, ശരിക്കും ഇപ്പോൾ തന്നെ ഇത് വേണമായിരുന്നോ? എന്‍റെ രാജ്യത്ത് സ്ത്രീകൾ ഹിജാബ് വേണ്ടെന്ന് വെച്ചതിന്‍റെ പേരിൽ നിറയൊഴിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്യുമ്പോൾ നിങ്ങൾ ഇത് ആഘോഷിക്കുന്നതിൽ എനിക്ക് വേദന തോന്നുന്നു. നിങ്ങൾ ഞങ്ങളെ പീഡിപ്പിക്കുന്നവരുടെ പക്ഷത്താണ് നിൽക്കുന്നത്".
ഫ്രഞ്ച് എഴുത്തുകാരൻ ബർണാഡ് ഹെൻറി ലെവിയുടെ വിമർശനവും ഇറാനിലെ സ്ത്രീകളെ ചൂണ്ടിക്കാട്ടിയാണ്. ഇറാനിൽ ആയിരക്കണക്കിന് സ്ത്രീകൾ ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോൾ ഇങ്ങനെ ആഘോഷിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം.
തിമൂർ കുരാൻ എന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നത് ഹിജാബ് എന്നത് ഇസ്ലാം മതത്തിനുള്ളിൽ തന്നെ വലിയ ഭിന്നതയുള്ള വിഷയമാണെന്നും ഒരു ഭരണകൂടം ഔദ്യോഗികമായി പുകഴ്ത്തുന്നത് ശരിയല്ല എന്നുമാണ്. മുസ്ലീം വിരുദ്ധതയ്ക്കെതിരെ മുൻപും മംദാനി ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം തന്റെ ബന്ധു ഹിജാബ് ധരിച്ച് പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്ന കാര്യവും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ വിശ്വാസം രഹസ്യമായി വെക്കാൻ പലരും ഉപദേശിച്ച കാര്യവും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.


