Asianet News MalayalamAsianet News Malayalam

കിം ജോംഗ് ഉന്നിന്റെ വിശ്വസ്തൻ, ഉത്തര കൊറിയൻ മുൻ ആശയ പ്രചാരകൻ അന്തരിച്ചു, കിം കി നാമിന്റെ അന്ത്യം 94ാം വയസിൽ

നാസി ആശയ പ്രചാരകനായിരുന്ന ജോസഫ് ഗിബൽസിന് തുല്യനായാണ് ദക്ഷിണ കൊറിയൻ ന്യൂസ് ഏജൻസികൾ കിം കി നാമിനെ വിലയിരുത്തുന്നത്. 

North Koreas former propaganda chief Kim Ki Nam has died at the age of 94
Author
First Published May 8, 2024, 10:30 AM IST

സിയോൾ: ഉത്തര കൊറിയയുടെ മുൻ ആശയ പ്രചാരകൻ കിം കി നാം അന്തരിച്ചു. 94ാം വയസിലാണ് കിം കി നാമിന്റെ അന്ത്യമെന്നാണ് ബുധനാഴ്ച ഔദ്യോഗിക മാധ്യമങ്ങൾ വിശദമാക്കിയത്. പ്രായാധിക്യവും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനേ തുടർന്നാണ് കിം കി നാമിന്റെ അന്ത്യമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2022 മുതൽ ചികിത്സയിലായിരുന്നു കിം കി നാമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ദശാബ്ദങ്ങളോളം ഉത്തര കൊറിയയുടെ ആശയ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നത് കിം കി നാമായിരുന്നത്. കിം രാജവംശത്തിന്റെ ഭരണകാലത്ത് രാജ്യത്ത് ആശയ പ്രചാരണത്തിനും നേതൃത്വത്തിന്റെ രാജ്യമെങ്ങും ആരാധകർ രൂപീകരിക്കാനും ഏറെ പ്രധാനമായ പങ്കുവഹിച്ച ആളായിരുന്നു കിം കി നാം. 

ബുധനാഴ്ച പുലർച്ചെ നടന്ന സംസ്കാര ചടങ്ങുകളിൽ ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ  പങ്കെടുക്കുകയും കിം കി നാമിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഭരണാധികാരികളോട് അളവറ്റ തോതിൽ വിശ്വസ്തനായിരുന്നു കിം കി നാമെന്നാണ് കിം ജോംഗ് ഉൻ വിശദമാക്കിയത്. ഭരണാധികാരികളോട് ഒരു രക്ത ബന്ധവും ഇല്ലാതിരുന്ന കിം കി നാം ആശയ പ്രചാരകനായി നിയമിതനായത് 1966ലാണ്. കിം ജോംഗ് ഉന്നിന്റെ പിതാവിനൊപ്പമായിരുന്നു കിം കി നാം പ്രവർത്തനം ആരംഭിച്ചത്. 1970കളിൽ സംസ്ഥാന മാധ്യമങ്ങളുടെ ചുമതലയിൽ കിം കി നാമെത്തി. ഉത്തര കൊറിയയുടെ രാഷ്ട്രീയ പ്രചാരണത്തിനായുള്ള മുദ്യാവാക്യങ്ങളുടെ സൃഷ്ടാവും കിം കി നാമായിരുന്നു.

2010ന്റെ അവസാനത്തോടെയാണ് കിം കി നാം വിരമിച്ചത്. എന്നാൽ കിം ജോഗ് ഉന്നിനൊപ്പം പൊതു പരിപാടികളിൽ കിം കി നാം പങ്കെടുത്തിരുന്നു. നാസി ആശയ പ്രചാരകനായിരുന്ന ജോസഫ് ഗിബൽസിന് തുല്യനായാണ് ദക്ഷിണ കൊറിയൻ ന്യൂസ് ഏജൻസികൾ കിം കി നാമിനെ വിലയിരുത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios