Asianet News MalayalamAsianet News Malayalam

പഞ്ച്ശീറിൽ പോരാട്ടം കടുപ്പിച്ച് ദേശീയ പ്രതിരോധ മുന്നണി: അഫ്ഗാൻ പൂർണ നിയന്ത്രണത്തിലെന്ന് താലിബാൻ

താലിബാൻ സഹ സ്ഥാപകൻ മുല്ല ബരാദറാകും സർക്കാറിനെ നയിക്കുക. ഹിബത്തുല്ല അകുൻസാദ ആയിരിക്കും പരമോന്നത നേതാവ്. മുല്ല ഒമറിന്റെ മകൻ മുഹമ്മദ് യാഖൂബടക്കമുള്ള താലിബാൻ നേതാക്കൾ സർക്കാറിന്റെ ഭാഗമാകും. 

northern alliance giving tough fight for Taliban
Author
Kabul, First Published Sep 3, 2021, 11:15 PM IST

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ സർക്കാറിന്റെ പ്രഖ്യാപനം വൈകും. പഞ്ച്ശീർ പ്രവിശ്യയിൽ താലിബാനും ദേശീയ പ്രതിരോധ മുന്നണിയും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. ഇന്ന് വൈകുന്നേരത്തോടെ സർക്കാർ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 

അതേസമയം കടുത്ത പോരാട്ടത്തിനൊടുവിൽ പഞ്ച്‌ ഷീറിലെ ദേശീയ പ്രതിരോധ മുന്നണിയെ താലിബാൻ പരാജയപ്പെടുത്തിയതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ദേശീയ പ്രതിരോധ മുന്നണിയുടെ പ്രതികരണവും ലഭ്യമല്ല. 

അതിനിടെ പുതിയ സർക്കാറിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകൾ പ്രതിഷേധം ശക്തമാക്കി. കാബൂളിലടക്കം സ്ത്രീകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. ഇറാൻ മാതൃകയിൽ സർക്കാർ രൂപീകരിക്കാനാണ് താലിബാൻ നീക്കം. താലിബാൻ സഹ സ്ഥാപകൻ മുല്ല ബരാദറാകും സർക്കാറിനെ നയിക്കുക. ഹിബത്തുല്ല അകുൻസാദ ആയിരിക്കും പരമോന്നത നേതാവ്. മുല്ല ഒമറിന്റെ മകൻ മുഹമ്മദ് യാഖൂബടക്കമുള്ള താലിബാൻ നേതാക്കൾ സർക്കാറിന്റെ ഭാഗമാകും. 

മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ യുഎഇ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനിലെത്തും. താലിബാൻ കാബൂൾ കീഴടക്കിയ ശേഷം ആദ്യമായാണ് ഒരു രാജ്യത്തിന്റെ പ്രതിനിധി സംഘം അഫ്ഗാനിലെത്തുന്നത്. താലിബാൻ സർക്കാർ ദോഹ കരാർ പാലിക്കുമെന്ന് ഉറപ്പാക്കുന്നതിനും ഒഴിപ്പിക്കൽ നടപടികൾ തുടരുന്നതിനുമായി അഫ്ഗാനിൽ സാനിധ്യം തുടരാൻ ആഗ്രഹിക്കുന്നതായി യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. താലിബാൻ സർക്കാരുമായി പൂർണ്ണ സഹകരണത്തിന് തെയ്യാറാണെന്ന് ചൈന പ്രഖ്യാപിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios