200 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നോര്‍വേയില്‍ പേ വിഷ ബാധയേറ്റ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒസ്ലൊ: തെരുവ് നായ്ക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച 24കാരിക്ക് ദാരുണാന്ത്യം. നോര്‍വീജിയന്‍ സ്വദേശിയായ ബിര്‍ജിറ്റെ കല്ലെസ്റ്റാഡ് എന്ന യുവതിയാണ് പേവിഷ ബാധയേറ്റ് മരിച്ചത്. 200 വര്‍ഷത്തിന് ശേഷം ആദ്യമായാണ് നോര്‍വേയില്‍ പേ വിഷ ബാധയേറ്റ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുടുംബവുമൊത്തുള്ള ഫിലിപ്പീന്‍സ് യാത്രക്കിടെയാണ് യുവതിക്ക് അപകടം സംഭവിച്ചത്. മൃഗസ്നേഹിയായ യുവതി അലഞ്ഞുതിരിഞ്ഞ പട്ടിക്കുട്ടിയെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കടിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയ യുവതിക്ക് അസുഖം പിടിപ്പെട്ടു. ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. 

ബിര്‍ജിറ്റെയുടെ അവസ്ഥ മറ്റാര്‍ക്കും വരരുതെന്നും ഫിലിപ്പീന്‍സില്‍ യാത്ര പോകുന്ന നോര്‍വേക്കാര്‍ നിര്‍ബന്ധമായും പേവിഷ ബാധയേല്‍ക്കാതിരിക്കാനുള്ള കുത്തിവെപ്പെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. സമീപകാലത്തൊന്നും നോര്‍വേയില്‍ പേവിഷ ബാധയേറ്റ് ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് പേവിഷ ബാധയേറ്റ് മരിക്കുന്നത്.