താന്‍ യുഎസ് പ്രസിഡന്റല്ലായിരുന്നെങ്കില്‍ പുടിന്‍ യുക്രൈന്‍ മുഴുവന്‍ പിടിച്ചടക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

വാഷിംഗ്ടൺ: അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. യുക്രൈന് വേണ്ടി വിലപേശാനല്ല പുടിനുമായി താന്‍ ചര്‍ച്ചയ്ക്ക് പോകുന്നതെന്നായിരുന്നു ട്രംപ് പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ പുടിന് വളരെ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് താങ്കള്‍ മുമ്പ് പറഞ്ഞിരുന്നുവെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ട്രംപിനെ ഓര്‍പ്പിച്ചപ്പോഴാണ് ട്രംപിന്‍റെ പ്രതികരണം.

താന്‍ യുഎസ് പ്രസിഡന്റല്ലായിരുന്നെങ്കില്‍ പുടിന്‍ യുക്രൈന്‍ മുഴുവന്‍ പിടിച്ചടക്കുമായിരുന്നു. യുക്രൈന് വേണ്ടി വിലപേശാനല്ല ഞാൻ ചർച്ചയ്ക്ക് പോകുന്നത്, ഇവിടെ രണ്ട് പക്ഷങ്ങളുണ്ട്. അവരെ ചര്‍ച്ചാ മേശയിലെത്തിക്കാനാണ് ഞാന്‍ വരുന്നത്' ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ പുടിന് വളരെ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. അത് വളരെ കഠിനമായിരിക്കും, സാമ്പത്തികമായി കഠിനമായിരിക്കും. ഞാനിത് എന്റെ സ്വന്തം നേട്ടത്തിന് വേണ്ടിയല്ല ചെയ്യുന്നത്. എനിക്ക് ഇതിന്റെ ആവശ്യമില്ല. എനിക്ക് നമ്മുടെ രാജ്യത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പ്പര്യം. പക്ഷേ, ഒരുപാട് ജീവനുകള്‍ രക്ഷിക്കാനാണ് ഞാനിത് ചെയ്യുന്നത്' ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിക്കാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമയുള്ള ചർച്ച ആരംഭിക്കുക. ഉപദേശകരുടെ സാന്നിധ്യമില്ലാതെ ഇരു നേതാക്കളും നേരിട്ട് നടത്തുന്ന ചര്‍ച്ചയില്‍ 'യുക്രൈന്‍ യുദ്ധം' ആണ് പ്രധാന അജണ്ട. യുദ്ധം അവസാനിപ്പിക്കുന്നതിനുളള പ്രാരംഭ നടപടികള്‍ക്ക് ഈ ചർച്ച തുടക്കം കുറിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമല്ല, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഭാവിയെ സ്വാധീനിക്കുന്ന തീരുമാനങ്ങളും അലാസ്കയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ ഇറക്കുമതി സംബന്ധിച്ചടക്കം നിർണായക തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ട്രംപ് - പുടിൻ കൂടിക്കാഴ്ച ഇന്ത്യക്കും നിർണായകമാകും.