ഇറാന്റെ റവല്യൂഷണറി ഗാർഡ് കോർപ്സ് ഉപയോഗിക്കുന്ന ചെറിയതും വേഗതയേറിയതുമായ ബോട്ടുകളുടെ കൂട്ടമാണ് 'മൊസ്കിറ്റോ ഫ്ലീറ്റ്'. റഡാറുകൾക്ക് കണ്ടെത്താൻ പ്രയാസമുള്ള ഈ ബോട്ടുകൾ 'ആക്രമിക്കുക, ഒളിക്കുക' എന്ന തന്ത്രം ഉപയോഗിച്ച് ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന് വലിയ ഭീഷണി ഉയർത്തുന്നു.

തെഹ്റാൻ: രണ്ട് മാസത്തോളമായി തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഹോർമൂസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കാൻ ഇറാൻ തങ്ങളുടെ രഹസ്യ ആയുധമായ 'മൊസ്കിറ്റോ ഫ്ലീറ്റ്' പുറത്തെടുത്തിരിക്കുകയാണ്. റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കീഴിലുള്ള ഈ ബോട്ടുകൾ ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്. എന്താണ് ഈ 'മൊസ്കിറ്റോ ഫ്ലീറ്റ്'? ചെറിയ വലിപ്പമുള്ളതും എന്നാൽ അസാമാന്യ വേഗതയുള്ളതുമായ ബോട്ടുകളുടെ കൂട്ടമാണിത്. ഇതിന്റെ പ്രത്യേകതകൾ അതിശയകരമാണ്.

Add Asianetnews as a Preferred SourcegooglePreferred

ഇവയിൽ ചില ബോട്ടുകൾക്ക് മണിക്കൂറിൽ ഏകദേശം 185 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. വിനോദയാത്രയ്ക്കുള്ള ബോട്ടുകളെപ്പോലും പരിഷ്കരിച്ച് അതിൽ റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡുകൾ, മെഷീൻ ഗണ്ണുകൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ചെറിയ അന്തർവാഹിനികളും ഡ്രോണുകളും ഈ വ്യൂഹത്തിന്റെ ഭാഗമാണ്. വലിയ നാവിക യുദ്ധങ്ങൾക്ക് പകരം 'ആക്രമിക്കുക, ഒളിക്കുക' എന്ന തന്ത്രമാണ് ഇവർ പയറ്റുന്നത്. റഡാറുകൾക്ക് പിടികൊടുക്കില്ലെന്നതാണ് വലിയൊരു കാര്യം. വലിപ്പം കുറവായതിനാൽ ഉപഗ്രഹ സംവിധാനങ്ങൾക്കോ റഡാറുകൾക്കോ ഇവയെ എളുപ്പത്തിൽ കണ്ടെത്താനാവില്ല.

ഇറാന്റെ തീരപ്രദേശത്തെ പാറക്കെട്ടുകൾക്കിടയിലുള്ള ഗുഹകളിലാണ് ഈ ബോട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്. പത്തോളം രഹസ്യ താവളങ്ങളിൽ നിന്നായി മിനിറ്റുകൾക്കുള്ളിൽ ഇവയെ വിന്യസിക്കാൻ ഇറാന് സാധിക്കും. അമേരിക്കൻ യുദ്ധക്കപ്പലുകൾ വലിയ പീരങ്കികൾ ഉപയോഗിച്ച് ഇവയെ നേരിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പ്രതിരോധ സംവിധാനങ്ങളില്ലാത്ത ചരക്ക് കപ്പലുകൾ ഈ 'കൊതുക് പട'യ്ക്ക് മുന്നിൽ നിസ്സഹായരാണ്.

അന്താരാഷ്ട്ര മാരിടൈം ഏജൻസിയുടെ കണക്ക് പ്രകാരം ഈ സംഘർഷത്തിനിടയിൽ 20 ഓളം കപ്പലുകൾ ഇതിനകം ആക്രമിക്കപ്പെട്ടു കഴിഞ്ഞു. നൂറുകണക്കിന് കപ്പലുകൾ കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്. യുഎസ്, ഇസ്രായേൽ ആക്രമണങ്ങളിൽ പല നാവിക ആസ്തികളും തകർക്കപ്പെട്ടെങ്കിലും ആയിരക്കണക്കിന് ഇത്തരം ചെറു ബോട്ടുകൾ ഇപ്പോഴും ഇറാന്റെ പക്കലുണ്ടെന്നാണ് നിഗമനം.