തൂക്കിലേറ്റും മുമ്പ് റഹ്‌നവാർഡിനോട് സുരക്ഷാ ജീവനക്കാർ അവസാനത്തെ ആഗ്രഹമെന്തെന്ന് ചോദിക്കുമ്പോഴാണ് അദ്ദേഹം മറുപടി പറയുന്നത്.
ടെഹ്റാൻ: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധേയനായ 23 കാരന്റെ അന്ത്യാഭിലാഷ വീഡിയോ പ്രചരിക്കുന്നു. തന്റെ മരണത്തിൽ ആരും തന്നെ വിലപിക്കുകയോ ഖബറിൽ ഖുറാൻ വായിക്കുകയോ ചെയ്യരുതെന്ന് വധശിക്ഷക്ക് വിധേയനാകും മുമ്പ് 23കാരനായ മജിദ് റെസ റഹ്‌നവാർഡ് ഉദ്യോഗസ്ഥരോട് പറയുന്നതാണ് വീഡിയോ. തിങ്കളാഴ്ചയാണ് യുവാവിനെ പരസ്യമായി തൂക്കിലേറ്റിയത്. സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനെ പരിക്കേൽപ്പിച്ചതിന് 23 വയസ്സുള്ള മൊഹ്‌സെൻ ഷെക്കാരിയെ വധിച്ച് നാല് ദിവസത്തിന് ശേഷമാണ് റഹ്‌നവാർഡിന്റെ വധശിക്ഷ നടപ്പാക്കിയത്.
തൂക്കിലേറ്റും മുമ്പ് റഹ്‌നവാർഡിനോട് സുരക്ഷാ ജീവനക്കാർ അവസാനത്തെ ആഗ്രഹമെന്തെന്ന് ചോദിക്കുമ്പോഴാണ് അദ്ദേഹം മറുപടി പറയുന്നത്. 'എന്റെ ശവകുടീരത്തിൽ ആരും വിലപിക്കുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല. അവർ ഖുറാൻ വായിക്കാനോ പ്രാർത്ഥിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷിക്കുകയാണ് വേണ്ടത്.' - വീഡിയോയിൽ റഹ്നാവാർഡ് പറഞ്ഞു. ബെൽജിയൻ പാർലമെന്റ് അംഗവും സ്ത്രീകളുടെ അവകാശ പ്രവർത്തകയുമായ ദര്യ സഫായിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. രണ്ട് സുരക്ഷാ സേനാംഗങ്ങളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനാണ് രഹ്‌നവാർഡിന് കോടതി വധശിക്ഷ വിധിച്ചതെന്നാണ് ഇറാൻ അധികൃതർ അറിയിച്ചത്.
അതേസമയം, നിർബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചാണ് വധശിക്ഷ വിധിച്ചതെന്ന് ഓസ്‌ലോ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ഗ്രൂപ്പ് ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദം പറഞ്ഞു. വധശിക്ഷ നടപ്പാക്കിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചതെന്നും ആരോപണമുണ്ട്. തൂക്കിലേറ്റും മുമ്പ് മജീദ് റെസയെ ഉമ്മയുമായി കൂടിക്കാഴ്ച്ചക്ക് അനുവദിച്ചിരുന്നു. എന്നാൽ, വധശിക്ഷയുടെ വിവരം അവരെ അറിയിച്ചിരുന്നില്ല. മകനെ ഉടൻ വിട്ടയക്കുമെന്നാണ് ഉമ്മ കരുതിയത്. എന്നാൽ പിന്നീട് മൃതശരീരമാണ് കാണുന്നത്.
ഇറാനിയൻ ഫുട്‌ബോൾ താരം അമീർ നസ്ർ അസാദാനി വധശിക്ഷ; ഞെട്ടിച്ച വാര്‍ത്തയെന്ന് ഫിഫ്പ്രോ
ഇറാനിലെ ഭരണകൂട വിരിദ്ധ പ്രതിഷേധങ്ങളെ കലാപമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുന്നത്.
