Asianet News MalayalamAsianet News Malayalam

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു: ഇറ്റലിയില്‍ കൂട്ടമരണം തുടരുന്നു

കൂട്ടരോഗപ്പകർച്ച ഉണ്ടാകുമെന്ന ആശങ്കയിലായ ബ്രിട്ടൻ ലക്ഷക്കണക്കിന് വെന്റിലേറ്ററുകൾ നിർമ്മിക്കാൻ നിർദേശം നൽകി

number of covid patients raised to two and half lakhs globally
Author
Dubai - United Arab Emirates, First Published Mar 20, 2020, 6:42 PM IST

ദുബായ്: ലോകത്തെ വിവിധ രാജ്യങ്ങളിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. മരണസംഖ്യയിൽ ചൈനയെ മറികടന്ന ഇറ്റലിയിൽ ആരോഗ്യപ്രവർത്തകർ അടക്കം അയ്യായിരം പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 

വൈറസ് ബാധ പടര്‍ന്നതിന് പിന്നാലെ അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് സമ്പൂർണ്ണ സമ്പർക്കവിലക്ക് പ്രഖ്യാപിച്ചു.നാലു കോടി ജനങ്ങളുള്ള  കലിഫോർണിയ സമ്പൂർണ്ണ സമ്പർക്കവിലക്കിലായതോടെ അമേരിക്കയിൽ ഭീതി പടരുകയാണ്. അവശ്യസാധന ക്ഷാമം ഉണ്ടാകുമെന്ന പേടിയിൽ ജനങ്ങൾ പലയിടത്തും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു. പൗരന്മാരുടെ എല്ലാ വിദേശയാത്രകളും അമേരിക്ക വിലക്കിയിട്ടുണ്ട്.  

ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ നാസയുടെ രണ്ട് റോക്കറ്റ് നിർമ്മാണ യൂണിറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട, ഹോണ്ട,നിസ്സാൻ എന്നിവ അമേരിക്കയിലെ ഫാക്ടറികൾ അടച്ചു. ആയിരത്തിലേറെ കോവിഡ് മരണം സംഭവിച്ച നാലാമത്തെ രാജ്യമായി ഇതിനിടെ സ്പെയിൻ മാറി .സ്പെയിനിൽ 24 മണിക്കൂറിനിടെ 193 പേരും ഇറാനിൽ 149 പേരും ഫ്രാൻസിൽ 108 പേരും മരിച്ചു. 

മരണസംഖ്യ ചൈനയെക്കാൾ ഉയർന്ന ഇറ്റലിയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് . മരുന്നുകൾക്കും വൈദ്യ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. കൂട്ടരോഗപ്പകർച്ച ഉണ്ടാകുമെന്ന ആശങ്കയിലായ ബ്രിട്ടൻ ലക്ഷക്കണക്കിന് വെന്റിലേറ്ററുകൾ നിർമ്മിക്കാൻ നിർദേശം നൽകി. പാരിസിൽ മെയ് 12ന് തുടങ്ങാനിരുന്ന കാൻ ഫിലിം ഫെസ്റ്റിവൽ മാറ്റി വച്ചു. അതേസമയം ടോക്കിയോ ഒളിമ്പിക്സ് ഉപേക്ഷിക്കില്ലെന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി അധ്യക്ഷൻ തോമസ് ബാച് പറഞ്ഞു. ഒളിമ്പിക്സ് നീട്ടണമോയെന്ന തീരുമാനിക്കാൻ സമായമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യായും യൂറോപ്പും വടക്കേ അമേരിക്കയും കഴിഞ്ഞ് ലാറ്റിനമേരിക്കയിലും കൊവിഡിന്‍റെ മരണനിഴല്‍ പടരുകയാണ്. മേഖലയില്‍ സമ്പൂർണ്ണ സമ്പർക്ക വിലക്ക് പ്രഖ്യാപിക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമായി അർജന്റീന മാറി. ബ്രസീലും ഫിലിപ്പീൻസും വിദേശികളെ വിലക്കി.  യുഎഇ അടക്കമുള്ള ഗള്ഫ് രാഷ്ട്രങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഇന്ന് വെള്ളിയാഴ്ച നമസ്കാരം പള്ളികളിൽ നടന്നില്ല. 

448 പേർക്ക് രോഗം ബാധിച്ച പാകിസ്ഥാനിൽ മരണം മൂന്നായി. ആരോഗ്യപ്രവർത്തകരുടെ നിർദേശം ലംഘിക്കുന്ന മതസംഘടനകൾ മറ്റു പല  രാജ്യങ്ങളിലും വലിയ ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ പതിനായിരത്തിലേറെ പേരാണ് കൂട്ടപ്രാർഥനയിൽ പങ്കെടുത്തത്. ഇൻഡോനേഷ്യയിലും ആയിരങ്ങൾ വിലക്ക് മറികടന്ന് വെള്ളിയാഴ്ച പള്ളികളിലെത്തി .

Follow Us:
Download App:
  • android
  • ios