Asianet News MalayalamAsianet News Malayalam

മാലിദ്വീപിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു; വിനോദസഞ്ചാര മേഖലയിലെ വൻ ചാഞ്ചാട്ടം വ്യക്തമാവുന്നു

ഇന്ത്യക്കാരുടെ എണ്ണം കുറ‍ഞ്ഞതോടെ ദ്വീപിലെ വിനോദസഞ്ചാരമേഖലയിൽ വൻ ഇടിവാണ് വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങളിൽ വന്ന വിള്ളൽ ഈ കണക്കുകളിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

Number of Indian tourists in Maldives drastically decreased and leads to crisis in tourism sector afe
Author
First Published Jan 31, 2024, 2:52 PM IST

ദില്ലി: അതിമനോഹരമായ ബീച്ചുകൾക്കും ഇളം നീലനിറമുള്ള വെള്ളത്തിനും പേര് കേട്ട മാലിദ്വീപിന്റെ വിനോദസഞ്ചാരമേഖലകളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.  ദ്വീപ് രാഷ്ട്രത്തിന്റെ ടൂറിസം മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയിൽ സന്ദർശകരുടെ എണ്ണത്തിൽ; പ്രത്യേകിച്ചും ഇന്ത്യക്കാരുടെ വരവിൽ ഗണ്യമായ കുറവുണ്ടായതായി കാണാം. 

ജനുവരി 28 വരെയുള്ള ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . പുറത്തുവന്ന കണക്കനുസരിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്തെത്തെത്തി. ഇന്ത്യക്കാരുടെ എണ്ണം കുറ‍ഞ്ഞതോടെ ദ്വീപിലെ വിനോദസഞ്ചാരമേഖലയിൽ വൻ ഇടിവാണ് വന്നിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധങ്ങളിൽ വന്ന വിള്ളൽ ഈ കണക്കുകളിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

മാലദ്വീപ് ഗവൺമെന്റിന്റെ ഔദ്യോഗിക ഡാറ്റയെ അടിസ്ഥാനമാക്കി, ദ്വീപസമൂഹത്തിലേക്കുള്ള ആളുകളുടെ വരവ് കണക്കിലെടുത്ത് ഉണ്ടാക്കിയ രാജ്യങ്ങളുടെ പുതിയ റാങ്കിംഗ് ഇങ്ങനെ

1. റഷ്യ: ആളുകളുടെ എണ്ണം 18,561 (10.6%) 2023ൽ റാങ്ക് - 2
2. ഇറ്റലി: ആളുകളുടെ എണ്ണം 18,111 (10.4%) 2023 ലെ റാങ്ക് - 6
3. ചൈന: ആളുകളുടെ എണ്ണം 16,529 (9.5%) 
4. യുകെ: ആളുകളുടെ എണ്ണം14,588 (8.4%) 2023ലെ റാങ്ക് - 4
5. ഇന്ത്യ: ആളുകളുടെ എണ്ണം13,989 (8.0%) 2023ലെ റാങ്ക് - 1
6. ജർമ്മനി: ആളുകളുടെ എണ്ണം 10,652 (6.1%)
7. യുഎസ്എ : ആളുകളുടെ എണ്ണം 6,299 (3.6%) 2023ലെ റാങ്ക് - 7
8. ഫ്രാൻസ്: ആളുകളുടെ എണ്ണം 6,168 (3.5%) 2023ലെ റാങ്ക് - 8
9. പോളണ്ട്: ആളുകളുടെ എണ്ണം 5,109 (2.9%) 2023ലെ റാങ്ക് - 14
10. സ്വിറ്റ്സർലൻഡ്: ആളുകളുടെ എണ്ണം 3,330 (1.9%) 2023ലെ റാങ്ക് - 10

ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള  പ്രശ്നങ്ങൾ ഗുരുതരമാവുന്നത്. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ദ്വീപിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കമായിരുന്നു. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലിദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്ന് മാലദ്വീപ് മന്ത്രി അബ്‍ദുള്ള മഹ്‌സൂം മജീദ് പറഞ്ഞതോടെയാണ് ഇന്ത്യയിൽ 'ബോയ്കോട്ട് മാലദ്വീപ്' ക്യാമ്പയിനടക്കം തിരി തെളിഞ്ഞത്. 

കൂടാതെ കഴിഞ്ഞ വർഷം നവംബറിൽ മാലിദ്വീപ് പ്രസിഡന്‍റായി മുഹമ്മദ് മുയിസു അധികാരമേറ്റതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപിന്റെയും (പിപിഎം) പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെയും (പിഎൻസി) സഖ്യമായ പ്രോഗ്രസീവ് അലയൻസിൽ നിന്നുള്ള മുയിസു, ചൈന അനുകൂല നിലപാടുള്ള നേതാവായാണ് കണക്കാക്കപ്പെടുന്നത്. ഈ കാരണങ്ങളെല്ലാം മാലദ്വീപിൽ ഇന്ത്യക്കാരുടെ സന്ദർശനം കുറക്കാൻ കാരണമായി. 

രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിക്കൊണ്ട് മാലദ്വീപിൽ തമ്പടിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന ആവശ്യം രാജ്യം ശക്തമാക്കി.  പ്രസിഡന്റ് മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ പ്രസ്ഥാവനകൾ ഇനി മാലദ്വീപിന്റെ വിനോദസഞ്ചാരമേഖലയിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെകുറിച്ചുള്ള ആശങ്കകളും അവിടെ ഉയർന്നുവരുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios