നിയാമി: നൈജര്‍ തലസ്ഥാനമായ നിയാമിയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പാകിസ്ഥാന് തിരിച്ചടി. ജമ്മു കശ്മീര്‍ വിഷയം പ്രത്യേകം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന പാകിസ്ഥാന്‍ ആവശ്യമാണ് സംഘടനയിലെ അംഗരാജ്യങ്ങള്‍‍ അംഗീകരിക്കാഞ്ഞത്. ഇതിനൊപ്പം തന്നെ ഈ വിഷയത്തില്‍ പ്രത്യേക അനുബന്ധ യോഗം നടത്താനുള്ള പാക് നീക്കവും പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച വൈകുന്നേരം ഒഐസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലെ പൊതുപ്രസ്താവനയില്‍ കശ്മീര്‍‍ വിഷയം സംബന്ധിച്ച് പരാമര്‍ശം ഉണ്ടെന്ന് അവകാശപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഓഫീസ് പ്രത്യേകത പ്രസ്താവന ഇറക്കിയിരുന്നു. പ്രസ്താവനയ്ക്ക് മുന്‍പ് തന്നെ ഇത് സംബന്ധിച്ച് പാക് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്‍റെ വലിയ വിജയം എന്ന രീതിയില്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇതിനോട് പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ പൊതുപ്രസ്താവനയില്‍‍ ആഗോള വിഷയങ്ങള്‍ സംബന്ധിച്ച് പരാമര്‍ശം വരുന്നത് സ്വഭാവികമാണ് എന്നാണ് പ്രതികരിച്ചത്. അതേ സമയം ഈ വിഷയം പ്രത്യേകമായി പരിഗണിക്കണം എന്നതായിരുന്നു പാക് ആവശ്യം, അത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ സമ്മതിച്ചില്ല എന്നത് പാകിസ്ഥാന് വലിയ വിജയം അവകാശപ്പെടാന്‍ സാധിക്കാത്തതാണെന്നാണ് ഇന്ത്യന്‍ പറയുന്നത്.

ഇതിന് സമാനമായ കാര്യങ്ങള്‍ തന്നെ വിവിധ ഏജന്‍സികള്‍ വഴി നൈജര്‍ തലസ്ഥാനമായ നിയാമിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നേരത്തെ യോഗത്തില്‍ പങ്കെടുക്കുന്ന പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ശേഷമുള്ള കാര്യങ്ങള്‍ ഒഐസി പ്രത്യേകം ചര്‍ച്ച ചെയ്യണം എന്ന ആവശ്യം വച്ചെങ്കിലും, അത് അഭ്യന്തര കാര്യമാണ് എന്ന പറഞ്ഞ് യോഗം വിസമ്മതിച്ചു.

ഇതോടെ അസാധാരണമായ നടപടിയിലൂടെ യോഗത്തിന് എത്തിയ മറ്റു ഒഐസി അംഗങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ പങ്കെടുപ്പിച്ച് ഉച്ചകോടിക്ക് സമാന്തരമായി ഒരു യോഗം നടത്താന്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ശ്രമം ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് ഇത്തരം ഒരു അനൗദ്യോഗിക യോഗം നടത്താനുള്ള ശ്രമം പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

എന്നാല്‍ ഇസ്ലാമാബാദിന്‍റെ ഈ ശ്രമത്തിനെതിരെ ശക്തമായ നിലപാടാണ് സൗദി അറേബ്യ അടക്കമുള്ള  ഒഐസിയിലെ പ്രമുഖ അംഗങ്ങള്‍ എടുത്തത്. ഒപ്പം അതിഥേയരായ നൈജറും മുഖം കറുപ്പിച്ചതോടെ സമാന്തര യോഗം എന്ന പാക് ശ്രമം പരാജയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.  ഇന്ത്യയുമായി അടുത്തകാലത്ത് വലിയ തോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ച ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ളവരുടെ സമ്മര്‍ദ്ദമാണ് പാക് ശ്രമം പരാജയപ്പെടുത്തിയത് എന്നാണ് വിദേശകാര്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.