Asianet News MalayalamAsianet News Malayalam

ഭീതി വിതച്ച് കൊവിഡ്; യുഎസില്‍ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു, മരണം 1500

ഒറ്റ ദിവസം 919 പേരുടെ ജീവന്‍ പൊലിഞ്ഞതോടെ ഇറ്റലിയില്‍ ആകെ മരണം  ഒമ്പതിനായിരം കടന്നിട്ടുണ്ട്. പതിനൊന്നു പേര്‍ മരിച്ച  പാകിസ്ഥാനില്‍  രോഗികളുടെ എണ്ണം 1400  ആയി. 190ലേറെ രാജ്യങ്ങളിലായി  കൊവിഡ് രോഗികളുടെ എണ്ണം  ആറു ലക്ഷത്തോളം എത്തിയിട്ടുണ്ട്.

one lakh plus covid 19 patients in us
Author
New York, First Published Mar 28, 2020, 7:04 AM IST

ന്യൂയോര്‍ക്ക്:  കൊവിഡ് 19 വൈറസ് ബാധ അതിവേഗം പടരുന്ന  അമേരിക്കയില്‍  രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ്  അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു. ലോകത്തെ ആകെ കൊവിഡ് മരണം 27000 കടന്നിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര  സാമ്പത്തിക  പാക്കേജിനാണ്  ജനപ്രതിനിധി സഭ അംഗീകാരം നല്‍കിയത്.

സെനറ്റിന്റെ അംഗീകാരം  നേരത്തെ തന്നെ ലഭിച്ചിരുന്നു. വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പിട്ടതോടെ സാമ്പത്തിക  പാക്കേജ് നിലവില്‍ വന്നു. തൊഴിലില്ലായ്മ കുറയ്ക്കുക, പ്രതിസന്ധിയിലായ  കുടുംബങ്ങളെ നേരിട്ട് സഹായിക്കുക, ആരോഗ്യ മേഖല ശക്തമാക്കുക  എന്നിവയാണ് പാക്കേജിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

അതേസമയം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് 1500 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വെറും 24 മണിക്കൂറില്‍ 18000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഫോര്‍ഡ്, ജെനെറല്‍ മോട്ടോര്‍സ്  തുടങ്ങിയ വാഹന  നിര്‍മാതാക്കളോട് അടിയന്തരമായി വെന്റിലേറ്ററുകള്‍ നിര്‍മിച്ചു തുടങ്ങാന്‍ പ്രസിഡന്റ്  ട്രംപ് നിര്‍ദേശിച്ചു .

ഒറ്റ ദിവസം 919 പേരുടെ ജീവന്‍ പൊലിഞ്ഞതോടെ ഇറ്റലിയില്‍ ആകെ മരണം  ഒമ്പതിനായിരം കടന്നിട്ടുണ്ട്. പതിനൊന്നു പേര്‍ മരിച്ച  പാകിസ്ഥാനില്‍  രോഗികളുടെ എണ്ണം 1400  ആയി. 190ലേറെ രാജ്യങ്ങളിലായി  കൊവിഡ് രോഗികളുടെ എണ്ണം  ആറു ലക്ഷത്തോളം എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെ  രോഗബാധിതനായത് ബ്രിട്ടനില്‍ കടുത്ത ഭയമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ബോറിസ് ജോണ്‍സന്റെ പങ്കാളിയും ഗര്‍ഭിണിയുമായ കാരി  സൈമന്‍സിനു രോഗമുള്ളതായി സൂചനയില്ല. ബ്രിട്ടീഷ്  ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം ബാധിച്ചിട്ടുണ്ട്. ഇതിനായി ലോകം കൊവിഡ് ഭീതിയില്‍ തകരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഏകനായി പ്രാര്‍ത്ഥന നടത്തി.
 

Follow Us:
Download App:
  • android
  • ios