എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ നിലവിൽ 20 കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ അഞ്ച് എണ്ണം ഈ ആഴ്ച്ചയോടെ പുറപ്പെടും. ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷൻ ഊർജ്ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യം വെക്കുന്നത്.

ദില്ലി: ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി എത്തിക്കാൻ ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി നാവികസേന. ഹോർമുസിലുള്ള ഇരുപത് ഇന്ത്യ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കി അഞ്ച് പടക്കപ്പലുകളെ വിന്യസിച്ചതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. അതേസമയം ജാഗ് വസന്ത് എന്ന എല്‍പിജി ടാങ്കര്‍ ഇന്ന് ഇന്ത്യൻ തുറമുഖത്ത് എത്തും. പെട്രോളിയം കമ്പനിയായ നയാര ഡീസലിനും പെട്രോളിനും വില കൂട്ടി.

ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങള്‍ക്കായി ഹോര്‍മൂസ് കടലിടുക്ക് തുറന്നെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. റഷ്യ, ചൈന, പാക്കിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്താമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‍ചി വ്യക്തമാക്കിയത്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ നിലവിൽ 20 കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ അഞ്ച് എണ്ണം ഈ ആഴ്ച്ചയോടെ പുറപ്പെടും. ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷൻ ഊർജ്ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യം വെക്കുന്നത്. ഇതിനായി പടക്കപ്പലുകൾ സേന വിന്യസിച്ചിരിക്കുന്നത്. നേരത്തെ രണ്ട് ഇന്ധന ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നിരുന്നു. ഇവയ്ക്ക് നാവികസേന അകമ്പടിയും നൽകി. ‌

92000 ടൺ എൽപിജിയാണ് ഈ കപ്പലുകളിൽ ഉള്ളത്. ഇതിൽ ജാഗ് വസന്ത് ഇന്ന് ഇന്ത്യൻ തുറമുഖത്ത് എത്തും. മറ്റൊരു കപ്പലായ പൈൻ ഗ്യാസ് നാളെയാണ് എത്തുക. ഇതിനിടെ പെട്രോളിയം കമ്പനിയായ നയാര ഡീസലിനും പെട്രോളിനും വില കൂട്ടി. പെട്രോളിന് അഞ്ച് രൂപ മുപ്പത് പൈസയും ഡീസലിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. മറ്റു കമ്പനികൾ വില കൂട്ടിയിട്ടില്ല. 

ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഭക്ഷണ ബില്ലിനൊപ്പം എൽപിജി ചാർജ്, അല്ലെങ്കില്‍ ഗ്യാസ് സർചാർജ് എന്നീ പേരുകളിൽ അധിക തുക ഈടാക്കരുതെന്ന് കേന്ദ്രം നിർദേശിച്ചു. ഇത്തരം ചെലവുകൾ ഭക്ഷണ സാധനങ്ങളുടെ വിലയിൽ തന്നെ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും മെനുവിൽ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വിലയെന്നാണ് നിർദ്ദേശം.

ഹോർമുസ് കടലിടുക്കിൽനിന്ന് ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി എത്തിക്കും; ഓപ്പറേഷൻ ഊർജ സുരക്ഷ