വിമതമേഖലകളിലെ രണ്ട് നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന് ഈ നടപടി കൊണ്ട് വലിയ ഗുണമില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. നിരവധി ഇന്ത്യൻ വിദ്യാർത്ഥികളുള്ള സുമി, ഹാർകീവ് മേഖലകളിൽ ഇത് വരെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടില്ല.
ദില്ലി/ ഹാർകീവ്: യുക്രൈനിലെ (Ukraine Crisis) താൽക്കാലിക വെടിനിർത്തൽ (Temporary Ceasefire) കൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിന് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന കാര്യത്തിൽ ആശങ്കയോടെ വിദേശകാര്യമന്ത്രാലയം (Ministry Of External Affairs). കിഴക്കൻ യുക്രൈനിലെ (East Ukraine) മേഖലകളിൽ ഇത് വരെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെയാണ് ധാരാളം ഇന്ത്യൻ വിദ്യാർത്ഥികളുള്ളത്. ഇവിടെ വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ആക്രമണം രൂക്ഷമായ സുമിയിൽ (Sumi, Ukraine) നിന്ന് വാഹനങ്ങൾ കിട്ടില്ലെന്ന് ഉറപ്പായതോടെ കൊടുംതണുപ്പിലും ഇന്ത്യൻ വിദ്യാർത്ഥികൾ നടന്ന് പോകാൻ തീരുമാനിക്കുകയാണ്. സർക്കാരിന്‍റെ ഒഴിപ്പിക്കൽ നടപടികൾ വൈകുന്നതിനെതിരെ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. എംബസികളിൽ നിന്ന് ഒരു വിവരവും ലഭിക്കുന്നില്ലെന്നും, അതിർത്തികളിലേക്ക് നടന്ന് പോകുകയാണെന്നും വിദ്യാർത്ഥികൾ പറയുന്നു.
അതേസമയം, സുരക്ഷിതപാത ഒരുക്കാനുള്ള ശ്രമമാണെന്നും അനാവശ്യമായി യാത്ര ചെയ്യരുതെന്നും വിദേശകാര്യമന്ത്രാലയം കുട്ടികളോട് പറയുന്നുണ്ട്. പക്ഷേ അനിശ്ചിതമായി നീളുന്ന ഒഴിപ്പിക്കൽ നാട്ടിലെ രക്ഷിതാക്കളെയും ജീവൻ പണയം വച്ച് എംബസിയുടെ സഹായത്തിനായി കാക്കുന്ന കുട്ടികളെയും ഒരുപോലെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.
മഞ്ഞ് കട്ടകൾ അലിയിച്ച് കുടിവെള്ളം
അതേസമയം, കിഴക്കൻ യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ ദുരിതം തുടരുകയാണ്. മഞ്ഞുകട്ടകൾ അലിയിച്ചാണ് സുമിയിൽ വിദ്യാർത്ഥികൾ കുടിവെള്ളം കണ്ടെത്തുന്നത്.
വിദ്യാർത്ഥികളുടെ പ്രതികരണങ്ങൾ കാണാം:



അതേസമയം, റൊമേനിയയിലെ ഒരു വിമാനത്താവളത്തിൽ നിന്ന് കൂടി ഒഴിപ്പിക്കൽ നടപടി തുടങ്ങാൻ ധാരണയായിട്ടുണ്ട്. റോമേനിയൻ അതിർത്തിക്ക് സമീപം അൻപത് കിലോമീറ്ററിനുള്ളിലാണ് വിമാനത്താവളം. ഇനി മുതൽ വിദ്യാർത്ഥികൾക്ക് വിമാനയാത്രയ്ക്കായി ബുക്കാറസ്റ്റ് വരെ യാത്ര ചെയ്യേണ്ടെന്നും, ഇതൊഴിവാക്കി, തൊട്ടടുത്ത് തന്നെയുള്ള വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ സൗകര്യമുണ്ടെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
ഇതിനിടെ പിസോചിനിൽ കുടുങ്ങികിടക്കുന്ന 298 പേരെ ഒഴിപ്പിക്കാൻ യുക്രൈനിലെ ഇന്ത്യൻ എംബസി ഇടപെടൽ തുടങ്ങി. ഇവർക്കായുള്ള ബസ്സ് പുറപ്പെട്ടെന്ന് എംബസി അറിയിച്ചു.
24 മണിക്കൂറിൽ ഇന്ത്യയിലെത്തിയത് 3000 പേർ
ഓപ്പറേഷന്‍ ഗംഗ വഴി യുക്രൈനില്‍ നിന്ന് മൂവായിരത്തോളം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിലെത്തിയത്. തിരിച്ചെത്തിയവരുടെ എണ്ണം ഇതോടെ 13,000 കടന്നു. യുക്രൈന്‍ അതിർത്തി കടക്കുന്നത് വരെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭിച്ചില്ലെന്ന് ഹാർകീവില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പതിനാറ് യാത്രാവിമാനങ്ങളാണ് യുദ്ധരംഗത്ത് കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ 24 മണിക്കൂറിൽ സർവീസ് നടത്തിയത്. ഇതിലൂടെ മൂവായിരത്തോളം വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനായി.
24 മണിക്കൂറിനിടെ മൂന്ന് വ്യോമസേന വിമാനങ്ങള്‍ വഴി 629 പേരെ ഇന്ത്യയിലെത്തിച്ചു. പത്ത് ദിവസത്തിനിടെ 2056 പേരെയാണ് യുക്രൈയിനില്‍ നിന്ന് വ്യോമസേന വിമാനം വഴി രാജ്യത്തെത്തിക്കാന്‍ കഴിഞ്ഞത്. റൊമാനിയ, ഹംഗറി, പോളണ്ട്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ എത്തിയ സാഹചര്യത്തില്‍ ഇത്രയും വിമാന സർവീസുകൾ തന്നെ നാളെയും ഏര്‍പ്പെടുത്തും.
വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ പോകുന്ന വിമാനങ്ങള്‍ വഴി പതിനാറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ ഇതുവരെ അയച്ചിട്ടുണ്ട്. ആക്രമണം നടക്കുന്ന ഹാർകീവിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളില്‍ ചിലർ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. ഭക്ഷണവും വെള്ളവും പോലും ഇല്ലാതെയാണ് ഹാർകീവിലെ ബങ്കറില്‍ കഴിഞ്ഞിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ദില്ലിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാന സർക്കാരിന്‍റെ ചാർട്ടേഡ് വിമാനങ്ങള്‍ ഇന്നും സർവീസ് നടത്തുന്നുണ്ട്. രാവിലെ 12 മണിയോടെയാണ് 180 വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം പുറപ്പെട്ടത്. വൈകിട്ടും രാത്രിയുമായാണ് അടുത്ത രണ്ട് വിമാനങ്ങളും കൊച്ചിയിലെത്തുക.

