ഇരുപത്തിയെട്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കള്ളനോട്ട് കേസിലെ മൂന്നാം പ്രതിയെ ആലപ്പുഴ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടായിരുന്ന രാജേഷ് രാമചന്ദ്രനെ വിദേശത്ത് നിന്നെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത് 

ആലപ്പുഴ: ഇരുപത്തിയെട്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കള്ളനോട്ട് കേസിലെ മൂന്നാം പ്രതിയെ ആലപ്പുഴ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ രാജേഷ് രാമചന്ദ്രനെയാണ് (52) വിദേശത്ത് നിന്നെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് പിടികൂടിയത്. പൊലീസ് സൂപ്രണ്ടിന്റെ നിർദേശാനുസരണം ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മേയ് 14ന് വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതർ വിവരം അറിയിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ എ എസ്ഐ പ്രസാദ്, സജിമോൻ, എസ് സി പി ഒ അരുൺരാജ്, സി പി ഒ ലിജിമോൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

1998 ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്ങന്നൂർ വില്ലേജിൽ മുണ്ടൻകാവ് മുറിയിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിൽ പ്രവർത്തിച്ചിരുന്ന ലീല ഓഫ്സൈറ്റ് പ്രസ് എന്ന സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ യുഎഇ ഗവൺമെന്റിന്റെ 500 ദിർഹത്തിന്റെ 8762 നോട്ടുകളും ഒരു നൂറു രൂപ നോട്ടും രണ്ട് ഇന്ത്യൻ മുദ്രപ്പത്രങ്ങളും ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. അന്ന് സ്ഥാപന ഉടമയും ഒന്നാം പ്രതിയുമായ ലീലാമ്മ, രണ്ടാം പ്രതിയും ഇവരുടെ മകനുമായ രാജീവ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇതിനുപിന്നാലെയാണ് കേസിൽ പ്രതിയാക്കപ്പെട്ട രാജേഷ് ഒളിവിൽ പോയത്.