ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 900ല്‍ അധികം സൈനികര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. കര, നാവിക, വ്യോമസേനയിലുമുള്ള 900 സൈനികര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. യുഎസ് സേന കൊറോണ വൈറസ് ബാധ എങ്ങനെയാണ് നേരിടുന്നതെന്ന് പെന്‍റഗണില്‍ നടന്ന സൈനിക മേധാവികളുടെ യോഗം ചര്‍ച്ച ചെയ്തു. സേനയിലുള്ളവര്‍ക്ക് കൊവിഡ് 19 ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധനകള്‍ നടക്കുകയാണ്.

ഇതിനോടകം 900 ല്‍ അധികം സൈനികരില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് സൈനിക മേധാവി ജെയിംസ് മക്കോണ്‍വില്ലെ  വിശദമാക്കി. സൌത്ത് കരോലിനയിലും കൊളംബിയയിലുമുള്ള സേനപരിശീലനങ്ങള്‍ നിര്‍ത്തി വച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ക്യാംപുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സൈനിക വക്താവ് വിശദമാക്കി. ഒരു ദിവസം 700 പേരെ മാത്രമാണ് കൊറോണ ടെസ്റ്റുകള്‍ക്ക് വിധേയമാക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

സൈനികരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മിക്കവര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും സൈനിക വക്താവ് പെന്‍റഗണില്‍ വ്യക്തമാക്കി. പരിശീലനം അവസാനിപ്പിക്കില്ലെന്നും സൈനികര്‍ക്ക് സുരക്ഷിത സാഹചര്യങ്ങള്‍ ഒരുക്കുമെന്നും സൈനിക മേധാവി വിശദമാക്കി. അത്യാവശ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അല്ലാതെയുള്ള പരിശീലനങ്ങള്‍ മാര്‍ച്ച് 26ന് സേന നിര്‍ത്തി വച്ചിരുന്നു.