ഭാര്യയുടെ മുത്തച്ഛന് ലഭിച്ച ബുക്ക് അഞ്ച് തലമുറയോളം കുടുംബത്തിലുണ്ടായിരുന്നെങ്കിലും ചരിത്ര പ്രാധാന്യം തിരിച്ചറിയാന്‍ വൈകിയെന്ന് യുവാവ്

നാപ വാലി: പൊതുലൈബ്രറിയില്‍ നിന്നും എടുത്ത ബുക്ക് 100 വര്‍ഷത്തിന് ശേഷം തിരികെ എത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് വിചിത്ര സംഭവം. ബെന്‍സന്‍ ലോസിംഗ് എന്ന എഴുത്തുകാരന്‍റെ എ ഹിസ്റ്ററി ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന ബുക്കാണ് നൂറോളം വര്‍ഷങ്ങള്‍ക്ക് ശേഷം ലൈബ്രറിയിലേക്ക് തിരികെ എത്തുന്നത്. നാപാ വാലിയിലെ സെന്‍റ് ഹെലേന പൊതു ലൈബ്രറിയില്‍ നിന്ന് 1927 ഫെബ്രുവരിയിലാണ് ഈ ബുക്ക് വായിക്കാനായി കൊണ്ടുപോയതെന്നാണ് പ്രാദേശിക മാധ്യമങ്ങളോട് ലൈബ്രറി ഡയറക്ടര്‍ ക്രിസ് ക്രീഡന്‍ വിശദമാക്കുന്നത്.

നാപ വാലി സ്വദേശിയായ ജിം പെറി എന്നയാളാണ് ഈ മാസം ആദ്യം ലൈബ്രറിയില്‍ തിരിച്ചെത്തിക്കുന്നത്. ഭാര്യയുടെ മുത്തച്ഛന്‍ നല്‍കിയതായിരുന്നു ബുക്കെന്നാണ് ജിം പെറി വിശദമാക്കുന്നത്. 2015ല്‍ ഭാര്യ സാന്‍ഡ്ര മരിക്കുന്നത് വരെ അഞ്ച് തലമുറയോളമായി ബുക്ക് കുടുംബത്തില്‍ തന്നെ ഉണ്ടായിരുന്നതായാണ് ജിം വിശദമാക്കുന്നത്. അടുത്തിടെയാണ് ബുക്കിന്‍റെ പ്രാധാന്യം മനസിലാക്കുന്നതെന്നും അതിനാലാണ് തിരികെ എത്തിക്കുന്നതെന്നുമാണ് ജിമ്മിന്‍റെ പ്രതികരണം. ബുക്കിന് പുറത്തെ ലൈബ്രറിയുടെ സ്റ്റാംപാണ് തിരികെ എത്തിക്കുന്നതില്‍ നിര്‍ണായകമായതെന്നും ഇയാള്‍ പറയുന്നു. 1840കള്‍ നാപാ വാലി മേഖലയില്‍ താമസമാക്കിയ പ്രമുഖ കുടുംബങ്ങളിലൊന്നായിരുന്നു ജിമ്മിന്‍റെ ഭാര്യയുടേത്. ജിം ബുക്ക് തിരികെ എത്തിച്ചെങ്കിലും അതിന്‍റെ ചരിത്ര പ്രാധാന്യം മനസിലാക്കാന്‍ ലൈബ്രറി ജീവനക്കാര്‍ വീണ്ടും സമയമെടുത്തുവെന്നാണ് ക്രിസ് ക്രീഡന്‍ പറയുന്നത്.

ലൈബ്രറിയുടെ ഓഫീസില്‍ ഏല്‍പ്പിച്ച് പോയ ഒരു പഴയ ബുക്ക് തുറന്ന് നോക്കിയതോടെയാണ് അമ്പരന്നതെന്നും ക്രിസ് ക്രീഡന്‍ പറയുന്നു. ലൈബ്രറിയുടെ ഒറിജിനല്‍ കളക്ഷനുകളില്‍ ഉള്‍പ്പെടുന്നതാണ് ഈ ബുക്ക്. ലൈബ്രറിക്ക് വരിക്കാരുണ്ടായിരുന്ന സമയത്തായിരുന്നു ബുക്ക് വാങ്ങുന്നത്. 1892ല്‍ ബുക്ക് എടുക്കുന്നത് ലൈബ്രറി സൌജന്യമാക്കിയിരുന്നു. ബുക്ക് തിരികെ എത്തിക്കാന്‍ വൈകിയാല്‍ പിഴയീടാക്കുന്ന രീതി 2019ല്‍ ലൈബ്രറി അവസാനിപ്പിച്ചിരുന്നു. ബൈന്‍ഡിംഗില്‍ കേടുവന്നിട്ടുള്ളതിനാല്‍ കേട് വരുമോയെന്ന് ഭയന്ന് ബുക്ക് തുറന്ന് നോക്കുക പോലും ചെയ്തിട്ടില്ലെന്നാണ് ജിം പറയുന്നത്. 100 വര്‍ഷത്തിന് ശേഷം തിരികെ എത്തിയ ബുക്കിനെ പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ് സെന്‍റ് ഹെലേന പൊതു ലൈബ്രറി.

1500 വര്‍ഷങ്ങള്‍ പഴക്കം, വത്തിക്കാന്‍ ലൈബ്രറിയില്‍ നിന്ന് സുവിശേഷത്തിന്‍റെ മറച്ച് വയ്ക്കപ്പെട്ട ഭാഗം കണ്ടെത്തി

YouTube video player