കറാച്ചി: ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. വര്‍ഷങ്ങളായി ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടെന്നത് പാകിസ്ഥാന്‍ പരസ്യമായി സമ്മതിച്ചിരുന്നില്ല. മുംബൈയിലെ അധോലോകത്തെ നിയന്ത്രിച്ചിരുന്ന ദാവൂദ് 1993ലെ മുംബൈ സ്ഫോടനകേസില്‍ പ്രതിയായതോടെയാണ് ഇന്ത്യ വിട്ടത്. പിന്നീട് ഇയാള്‍ പാകിസ്ഥാനിലെ കറച്ചിയിലാണ് താമസമെന്ന് ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയെങ്കിലും പാകിസ്ഥാന്‍ സമ്മതിച്ചിരുന്നില്ല.

പാരിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ്) ഉപരോധം ഒഴിവാക്കാന്‍ 88 തീവ്രവാദി സംഘടനകളുടെയും, വ്യക്തികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ ദാവൂദിന്‍റെ പേരും ഉള്ളത്. ദാവൂദിന്‍റെ കറാച്ചിയിലെ വിലാസമാണ് ഇതില്‍ പാകിസ്ഥാന്‍ നല്‍കിയിരിക്കുന്നത്.

ദാവൂദിന് പുറമേ ഹാഫിസ് സയീദ്, മസൂദ് അസർ എന്നിവരുടെ ഉൾപ്പെടെ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാനാണ് പാക്കിസ്ഥാന്‍റെ തീരുമാനം.  നിരോധിക്കപ്പെട്ട 88 ഭീകരസംഘങ്ങളുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുകൾ മരവിപ്പിക്കും. 

പാരിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഫ്എടിഎഫ് (ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സ്) പാക്കിസ്ഥാനെ 2018ൽ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരപ്രവർത്തനം നിയന്ത്രിക്കുന്നതിന് 2019 വരെയാണ് സമയം നൽകിയത്. കോവിഡ് വ്യാപനത്തോടെ സമയം നീട്ടി നൽകുകയായിരുന്നു. 

എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള  ശ്രമമാണ് പാകിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടിയിലൂടെ നടത്തുന്നത്. എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതോടെ രാജ്യാന്തര സാമ്പത്തിക സഹായങ്ങള്‍ പാകിസ്ഥാന് നന്നെ കുറഞ്ഞിരിക്കുകയാണ്. ഐഎംഎഫ്, ലോകബാങ്ക്, എഡിബി എന്നിവിടങ്ങളില്‍ നിന്നുള്ള വായിപ്പകള്‍ 2018 മുതല്‍ പാകിസ്ഥാന് ലഭിക്കുന്നില്ല.

ഇതിനെ തുടര്‍ന്നാണ് ദാവൂദിന് പുറമേ ഹാഫിസ് സയീദ്, മസൂദ് അസർ  എന്നിവര്‍ക്കെതിരെ നടപടി എടുക്കാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായത്. ഇവരുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുകയും ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കുകയും വിദേശയാത്ര നടത്തുന്നത് നിരോധിക്കുകയും ചെയ്യും.