ഇസ്ലാമാബാദ്: സൈനിക മേധാവിയുടെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി പാകിസ്ഥാന്‍ സര്‍ക്കാര്‍. പാക് ആര്‍മി തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്‍വയുടെ കാലാവധിയാണ് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം നീട്ടി നല്‍കിയത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിപ്പ് പുറപ്പെടുവിച്ചു. സുരക്ഷ സംബന്ധിച്ച പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കാലാവധി നീട്ടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫാണ് 2016 നവംബറില്‍ ജാവേദ് ബജ്‍വയെ ആര്‍മി തലവനായി നിയമിച്ചത്. കശ്മീര്‍ വിഷയം ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ സാഹചര്യത്തിലാണ് ആര്‍മി തലവന്‍റെ കാലാവധി നീട്ടുന്നത്. കശ്മീര്‍ വിഷയത്തില്‍ ജാവേദ് ബ‍ജ്‍‍വ ഇന്ത്യക്കെതിരെ പ്രതികരിച്ചിരുന്നു.