ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമീഷന് മുന്നിലെ പ്രതിഷേധത്തിനിടെ ഓഫീസിന്‍റെ ബാൽക്കണിയിലേക്ക് വന്ന പാക്കിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂര്‍ റാഹത്താണ് പ്രകോപനപരമായ ആംഗ്യം കാട്ടിയത്

ലണ്ടന്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെ പ്രകോപനവുമായി ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥൻ. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലണ്ടനിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്ക് നേരെയാണ് പാക് ഉന്നത ഉദ്യോഗസ്ഥന്റെ പ്രകോപനം. ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമീഷന് മുന്നിലെ പ്രതിഷേധത്തിനിടെ ഓഫീസിന്‍റെ ബാൽക്കണിയിലേക്ക് വന്ന പാക്കിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂര്‍ റാഹത്താണ് പ്രകോപനപരമായ ആംഗ്യം കാട്ടിയത്. സമരക്കാരെ ചൂണ്ടിയ ശേഷം കഴുത്തറുത്തുകളയുമെന്ന ആംഗ്യമാണ് തൈമൂര്‍ റാഹത്ത് കാണിച്ചത്.

പഹൽഗാം: മൗനം വെടിഞ്ഞ് പാക് പ്രധാനമന്ത്രി, 'നിഷ്പക്ഷവും സുതാര്യവുമായ ഏത് അന്വേഷണത്തിനും തയ്യാർ'

പാകിസ്ഥാനിൽ പിടിയിലായ ശേഷം ഇന്ത്യക്ക് കൈമാറിയ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാന്‍റെ പോസ്റ്ററും കയ്യിൽ പിടിച്ചായിരുന്നു തൈമൂര്‍ റാഹത്ത് കഴുത്തറുത്തുകളയുമെന്ന ആംഗ്യം കാണിച്ചത്. കേണൽ തൈമൂർ റാഹത്ത് രണ്ട് കൈകളും കൊണ്ട് അഭിനന്ദന്‍റെ പോസ്റ്റർ ഉയർത്തിപ്പിടിച്ച ശേഷം, ഒരു കൈ പെട്ടെന്ന് താഴ്ത്തി പ്രതിഷേധക്കാർക്ക് നേരെ കഴുത്തറുത്തുകളയുമെന്ന ആംഗ്യം കാണിക്കുന്നതിന്‍റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. സമാധാനപരമായി നടന്ന പ്രതിഷേധത്തിന് നേരെയായിരുന്നു ഇയാളുടെ പ്രകോപനം. ഇതിന് പിന്നാലെ സ്ഥലത്ത് നേരിയ തോതിൽ സംഘർഷാവസ്ഥയുണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വീഡിയോ കാണാം

Scroll to load tweet…

പഹൽഗാം ഭീകരാക്രമണത്തിനെതിരായ മുദ്രാവാക്യം ഉയർത്തിയുള്ള പ്രതിഷേധത്തിനിടെ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ ഉച്ചത്തില്‍ പാട്ട് വച്ചും പ്രകോപനം സൃഷ്ടിച്ചു. ഇന്ത്യൻ ദേശീയ പതാകകൾ ഏന്തിയെത്തിയവ‍ർ ഭീകര വിരുദ്ധ പ്ലക്കാര്‍ഡുകള്‍ ഉയർത്തിയും ഭീകരതക്കെതിരായ മുദ്രാവാക്യം വിളിച്ചും മാത്രമാണ് പ്രതിഷേധം നടത്തിയത്. സമാധാനപരമായ പ്രതിഷേധത്തിനോട് പ്രകോപനപരമായി പെരുമാറിയ പാക്കിസ്ഥാൻ ഹൈക്കമീഷനെതിരെ വലിയ വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. ബ്രിട്ടിഷ് സര്‍ക്കാര്‍ പാക്കിസ്ഥാന്‍റെ ഈ പ്രകോപനത്തിനെതിരെ കൃത്യമായ നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം