2021-ൽ കാബൂളിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ അക്രമത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇസ്ലാമാബാദ്: കഴിഞ്ഞയാഴ്ച വസീറിസ്ഥാനില്‍ നടന്ന ചാവേർ ആക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനും അഫ്​ഗാനിസ്ഥാനും തമ്മിലെ നയതന്ത്ര ബന്ധം വഷളാകുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 30 തീവ്രവാദികളെ വധിച്ചതായി പാകിസ്ഥാൻ സൈന്യം വെള്ളിയാഴ്ച അവകാശപ്പെട്ടു. ജൂൺ 28 ന് പാക് താലിബാൻ നടത്തിയ ചാവേർ ആക്രമണത്തിൽ കുറഞ്ഞത് 16 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും സാധാരണക്കാർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

2021-ൽ കാബൂളിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ അക്രമത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിച്ചതായി ഇസ്ലാമാബാദ് ആരോപിച്ചു. എന്നാൽ പാക് ആരോപണം താലിബാൻ നിഷേധിച്ചു. ഈ വർഷം തുടക്കം മുതൽ ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും പാക് സർക്കാരിനെതിരെ പോരാടുന്ന സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 290 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.