ദില്ലി: ഇന്ത്യ വേദിയൊരുക്കുന്ന ഷാന്‍ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‍സിഒ) സമ്മേളനത്തിലേക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ക്ഷണിക്കും. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായ ഈ അവസ്ഥയില്‍ പാക് പ്രധാനമന്ത്രി ഇന്ത്യയിലെത്തുമോയെന്നതിലാണ് ഇപ്പോള്‍ സംശയം.

ഈ വര്‍ഷം നടക്കുന്ന ഷാന്‍ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കണണമോയെന്ന് ഇസ്ലാമാബാദ് ആണ് തീരുമാനിക്കുക. പ്രോട്ടോക്കോള്‍ പ്രകാരം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ക്ഷണം പോകും. പ്രധാനമന്ത്രി തന്നെ പങ്കെടുക്കണോ അതോ പ്രതിനിധിയെ അയക്കണോയെന്ന് പാകിസ്ഥാനാണ് തീരുമാനിക്കേണ്ടത്.

ആദ്യമായാണ് എസ്‍സിഒ സമ്മേളനത്തിന് ഇന്ത്യ വേദിയൊരുക്കുന്നത്. എസ്‍സിഒ സെക്രട്ടറി ജനറല്‍ വ്ളാദിമീര്‍ നോറോവ് ഇതിന്‍റെ ഭാഗമായി ഞായറാഴ്ച ഇന്ത്യയില്‍ എത്തിയിരുന്നു. നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച നടത്തിയിരുന്നു. 2017 ജൂണിലാണ് ഇന്ത്യക്കും പാകിസ്ഥാനും ഷാന്‍ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ പൂര്‍ണ അംഗത്വം ലഭിക്കുന്നത്.

യുറേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്‍സിഒ. ചൈനയാണ് സംഘത്തിലെ പ്രധാന ശക്തി. 2001ല്‍ റഷ്യ, ചൈന, കസഖിസ്ഥാന്‍, തജകിസ്ഥാന്‍, ഉസ്ബെകിസ്ഥാന്‍, കിര്‍ഗിസ് റിപ്പബ്ലിക് എന്നീ രാജ്യങ്ങുടെ പ്രസിഡന്‍റുമാര്‍ പങ്കെടുത്ത ഷാന്‍ഹായ് ഉച്ചകോടിയിലാണ് എസ്‍സിഒ രൂപീകരിച്ചത്.