മുടിയില്‍ കുത്തിപ്പിടിച്ചും കുനിച്ച് നിർത്തിയുമാണ് ചെരിപ്പ് കൊണ്ട് തല്ലിയത്. മർദനമേറ്റയാള്‍ നിസ്സഹായനായി നിലത്തിരുന്നുപോയി. അതിനിടെ ചിലര്‍ ഗായകനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. 

ഇസ്ലാമാബാദ്: പ്രശസ്ത പാക് ഖവാലി ഗായകൻ റാഹത്ത് ഫത്തേ അലി ഖാൻ തന്‍റെ ശിഷ്യനെ ചെരിപ്പൂരി അടിക്കുന്ന വീഡിയോ പുറത്ത്. കുപ്പി എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ക്രൂര മർദനം. തനിക്കറിയില്ലെന്ന് അയാള്‍ പറഞ്ഞിട്ടും ഗായകന്‍ വിട്ടില്ല. മുടിയില്‍ കുത്തിപ്പിടിച്ചും കുനിച്ച് നിർത്തിയുമാണ് ചെരിപ്പ് കൊണ്ട് തല്ലിയത്. മർദനമേറ്റയാള്‍ നിസ്സഹായനായി നിലത്തിരുന്നുപോയി. അതിനിടെ ചിലര്‍ ഗായകനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. 

വീഡിയോ വൈറലായതോടെ റാഹത്ത് ഫത്തേ അലി ഖാനെതിരെ പ്രതിഷേധമുയർന്നു. പിന്നാലെ വിശദീകരണവുമായി ഖവാലി ഗായകന്‍ രംഗത്തെത്തി. ഇത് ഉസ്താദും ശിഷ്യനും തമ്മിലെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ന്യായീകരണം. താന്‍ മർദിച്ചയാളെയും അയാളുടെ പിതാവിനെയും അടുത്തു നിര്‍ത്തി വീഡിയോയിലൂടെയാണ് റാഹത്ത് ഫത്തേ അലി ഖാൻ വിശദീകരണം നല്‍കിയത്.

"ഇത് ഉസ്താദും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണ്. അവൻ എന്‍റെ മകനെപ്പോലെയാണ്. ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ്. ശിഷ്യൻ എന്തെങ്കിലും നല്ലത് ചെയ്താൽ ഞാൻ അവനു മേല്‍ എന്‍റെ സ്നേഹം വർഷിക്കും, അവൻ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കും"- റാഹത്ത് ഫത്തേ അലി ഖാന്‍ പറഞ്ഞു. സംഭവത്തിന് ശേഷം താന്‍ മാപ്പ് പറഞ്ഞതായും റാഹത് ഫത്തേ അലി ഖാൻ വീഡിയോയില്‍ പറഞ്ഞു.

ഹോളി വാട്ടർ കുപ്പിയെ കുറിച്ചാണ് ഉസ്താദ് ചോദിച്ചതെന്നും താന്‍ അറിയാതെ അത് സ്ഥലം മാറ്റിവെച്ചതാണെന്നും അടിയേറ്റയാള്‍ വീഡിയോയില്‍ വ്യക്തമാക്കി- "അദ്ദേഹം എന്‍റെ പിതാവിനെപ്പോലെയാണ്. ഞങ്ങളെ അദ്ദേഹം ഒരുപാട് സ്നേഹിക്കുന്നു. ഈ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ എന്‍റെ ഉസ്താദിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്". അടിയേറ്റയാളുടെ പിതാവും റാഹത്ത് ഫത്തേ അലി ഖാനെ പിന്തുണച്ചു. ഉസ്താദിനെ ശിഷ്യനോട് വലിയ സ്നേഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

Scroll to load tweet…