തന്റെ ഹൃദയത്തിൽ വെറുപ്പിന് സ്ഥാനമില്ലെന്നും കലയ്ക്ക് അതിരുകളില്ലെന്നും ഇന്ത്യൻ പതാക ഉയർത്തുന്നത് വിവാദത്തിന് തിരികൊളുത്തിയാൽ, അങ്ങനെയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇന്ത്യൻ പതാക വീശുകയും പുതയ്ക്കുകയും ചെയ്ത് പാകിസ്ഥാൻ റാപ്പർ തൽഹ അഞ്ജും. നേപ്പാളിൽ നടന്ന പരിപാടിക്കിടെയാണ് പാക് റാപ്പർ ഇന്ത്യൻ പതാക വീശിയത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ദി ഡോൺ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ ഗള്ളി ഗാംഗ് റാപ്പർ നയസിയെ ലക്ഷ്യമാക്കി തന്റെ ഡിസ് ട്രാക്ക് "കൗൻ തൽഹ" അവതരിപ്പിക്കുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ ഇന്ത്യൻ ത്രിവർണ്ണ പതാക അദ്ദേഹത്തിന് നേരെ എറിഞ്ഞു. ഗായകൻ ത്രിവർണ്ണ പതാക പിടിച്ചെടുത്തി വീശുകയും പിന്നീട് പുതയ്ക്കുകയും ചെയ്തു.
പിന്നാലെ പാക് ആരാധകർ അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചു. എന്നാൽ, തന്റെ ഹൃദയത്തിൽ വെറുപ്പിന് സ്ഥാനമില്ലെന്നും കലയ്ക്ക് അതിരുകളില്ലെന്നും ഇന്ത്യൻ പതാക ഉയർത്തുന്നത് വിവാദത്തിന് തിരികൊളുത്തിയാൽ, അങ്ങനെയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഇന്ത്യൻ പതാക വീശും, മാധ്യമങ്ങളെയോ, യുദ്ധക്കൊതിയന്മാരായ സർക്കാരുകളെയോ, അവരുടെ പ്രചാരണത്തെയോ ഞാൻ ഒരിക്കലും കാര്യമാക്കില്ലെന്നും ഉറുദു റാപ്പ് അതിരുകളില്ലാത്തതാണെന്നും എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
