പ്രിയന്ത ദിയവാദന എന്ന ശ്രീലങ്കന്‍ സ്വദേശിയെ രക്ഷിക്കാന്‍ വിഫല ശ്രമം നടത്തിയത് പ്രൊഡക്ഷന്‍ മാനേജരായ മാലിക് അദ്നാന്‍ ആയിരുന്നു. ശ്രീലങ്കന്‍ സ്വദേശിയെ സംരക്ഷിക്കുന്നതിനായി ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ ആള്‍ക്കൂട്ടതിന് മുന്നില്‍ ഫലം കണ്ടിരുന്നില്ല. എങ്കിലും മാലിക് അദ്നാന്‍ പ്രിയന്ത ദിയവാദനയെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 

മതനിന്ദ (Blasphemy) ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന് കത്തിച്ച ശ്രീലങ്കന്‍ സ്വദേശിയെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ധീരതയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ (Pakistan). ഞായറാഴ്ചയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (Imran Khan) പുരസ്കാരം പ്രഖ്യാപിച്ചത്. സിയാല്‍ക്കോട്ടില്‍ വെള്ളിയാഴ്ച നടന്ന ആള്‍ക്കൂട്ട ആക്രമണത്തിലാണ് ശ്രീലങ്കന്‍ സ്വദേശി ദാരുണമായി കൊല്ലപ്പെട്ടത്. പുനരുദ്ധാരണത്തിന്‍റെ ഭാഗമായി താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ മതിലിലുണ്ടായിരുന്ന പോസ്റ്റര്‍ കീറിക്കളഞ്ഞതാണ് ശ്രീലങ്കന്‍ സ്വദേശിക്കെതിരായ അക്രമണത്തിന് കാരണമായത്.

കീറിക്കളഞ്ഞത് ഖുറാനിലെ വാക്കുകള്‍ അടങ്ങിയ പോസ്റ്റര്‍ ആണെന്ന് പ്രചരിച്ചതോടെയായിരുന്നു ആള്‍ക്കൂട്ടം ഇവിടേക്ക് തടിച്ചെത്തി ഇയാളെ ദാരുണമായി കൊലചെയ്തത്. നിലത്തേക്ക് വലിച്ചെറിച്ച ശേഷം നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുന്നതിന്‍റേയും പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇയാളുടെ ശരീരത്തിന് തീയിടുകയായിരുന്നു. മൃതദേഹത്തോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആളുകളുടേയും ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. പ്രിയന്ത ദിയവാദന എന്ന ശ്രീലങ്കന്‍ സ്വദേശിയെ രക്ഷിക്കാന്‍ വിഫല ശ്രമം നടത്തിയത് ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രൊഡക്ഷന്‍ മാനേജരായ മാലിക് അദ്നാന്‍ ആയിരുന്നു.

ശ്രീലങ്കന്‍ സ്വദേശിയെ സംരക്ഷിക്കുന്നതിനായി ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ ആള്‍ക്കൂട്ടതിന് മുന്നില്‍ ഫലം കണ്ടിരുന്നില്ല. എങ്കിലും മാലിക് അദ്നാന്‍ പ്രിയന്ത ദിയവാദനയെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. രാജ്യത്തിന് ആകെ നാണക്കേടുണ്ടാക്കിയ സംഭവമെന്നായിരുന്നു ശ്രീലങ്കന്‍ സ്വദേശിയുടെ കൊലപാതകത്തേക്കുറിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. കൊലവെറിയോടെ വന്ന അക്രമികള്‍ക്ക് മുന്‍പില്‍ മാലിക് അദ്നാന്‍ കാണിച്ച ധൈര്യത്തിന് രാജ്യത്തിന്‍റെ പേരില്‍ ആദരം എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഇളകിയെത്തിയ ആള്‍ക്കൂട്ടതിന് മുന്നില്‍ സ്വജീവനെപ്പോലും പരിഗണിക്കാതെ ആയിരുന്നു മാലികിന്‍റെ ശ്രമങ്ങളെന്നും ഇമ്രാന്‍ ഖാന്‍ വിശദമാക്കി.

Scroll to load tweet…

താംഗാ ഇ ഷുജാത്ത് എന്ന പുരസ്കാരമാണ് മാലിക് അദ്നാന് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ സാധാരണ പൌരന്മാര്‍ക്ക് ധീരതയ്ക്ക് നല്‍കുന്ന പരമോന്നത് ബഹുമതികളില്‍ രണ്ടാമത്തെ അവാര്‍ഡാണ് ഇത്. ശ്രീലങ്കന്‍ സ്വദേശിക്കെതിരായ അതിക്രമത്തില്‍ പാക് പ്രധാനമന്ത്രി ശ്രീലങ്കയുടെ പ്രസിഡന്‍റുമായി സംസാരിച്ചിരുന്നു. ക്രൂരമായ ആക്രമണത്തെ ഇമ്രാന്‍ ഖാന്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. സിയാല്‍കോട്ടിലെ ഒരു ഫാക്ടറിയില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ശ്രീലങ്കന്‍ സ്വദേശി. ഫാക്ടറിയിലേക്ക് തള്ളിക്കയറിയ ആളുകള്‍ ഇയാളെ പിടികൂടുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നുള്ള വീഡിയോ ഫൂട്ടേജുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.

മതനിന്ദ (Blasphemy) സംബന്ധിച്ച് വ്യാജ ആരോപണം പോലും വലിയ കോലാഹലമാണ് പാകിസ്ഥാനില്‍ സൃഷ്ടിക്കാറുള്ളത്. എന്നാല്‍ നിയമങ്ങൾ മറ്റു മതക്കാർക്കെതിരെയും ശിയ, അഹമ്മദിയ തുടങ്ങിയ ന്യൂനപക്ഷ മുസ്ലിങ്ങൾക്കെതിരെയും ദുരുപയോഗം ചെയ്യുകയാണെന്ന് വലതുപക്ഷ ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്. മതനിന്ദ സംബന്ധിച്ച നിയമത്തില്‍ മാറ്റങ്ങള്‍ വേണമെന്നതിന് ആവശ്യപ്പെട്ടതിനാണ് 2011ല്‍ മുന് പഞ്ചാബ് ഗവര്‍ണറായ സല്‍മാന്‍ തസീര്‍ കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥനാണ് സല്‍മാന്‍ തസീറിനെ വെടിവച്ച് വീഴ്ത്തിയത്. 1980ലെ സൈനിക ഭരണാധികാരി സിയാഉൾ ഹഖിന്റെ കാലത്താണ് പാക് മതനിന്ദ നിയമങ്ങൾ കർശനമാക്കിയത്. നിയമ പ്രകാരം പ്രവാചകനിന്ദയ്ക്ക് പരമാവധി ശിക്ഷയായി വധശിക്ഷ ഏർപ്പെടുത്തിയതും ഈ കാലത്തായിരുന്നു. ഏകീകൃത വിവരങ്ങൾ ലഭ്യമായ ഏറ്റവും പുതിയ കാലയളവായ 2011 നും 2015 നും ഇടയിൽ 1,296 ൽ കൂടുതൽ മതനിന്ദ കേസുകൾ പാകിസ്ഥാനിൽ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.