ലാഹോര്‍: കൊവിഡ് 19 വൈറസ് ബാധ ലോകമാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളായ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ച് പാകിസ്ഥാന്‍. യുഎഇയിലുള്ള പാകിസ്ഥാനികള്‍ക്കായി 21 വിമാനസര്‍വ്വീസുകള്‍ കൂടി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. 21ല്‍ 15 വിമാനങ്ങളും പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റേതാണ്.

ബാക്കി ആറ് സര്‍വ്വീസുകള്‍ യുഎഇ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളാകും കൈകാര്യം ചെയ്യുക. നേരത്തെ, ഏപ്രില്‍ 28ന് യുഎഇയില്‍ നിന്ന് പാകിസ്ഥാനിലേക്ക് അഞ്ച് വിമാനസര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 21 സര്‍വ്വീസുകള്‍ കൂടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ പരിഗണിച്ചാകണം യാത്രയെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പ്രവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ അസിസ്റ്റന്‍റ്  സുള്‍ഫീക്കര്‍ ബുഖാരി പറഞ്ഞു.

അതേസമയം, ജൂണ്‍ അവസാന ആഴ്ചയോടെ യുഎഇയില്‍ കൊവിഡ് വൈറസിന്റെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാവുമെന്ന് പഠന റിപ്പോര്‍ട്ട് പുറത്ത് വന്നു. ജൂണ്‍ 21ഓടെ യുഎഇയില്‍ വൈറസ് പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണ് പഠനം പറയുന്നത്. ഇതിനകം 10 ലക്ഷം പേരെയാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയരാക്കിയത്. 

യുഎഇയില്‍ ദിവസവും 500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ശരാശരി നൂറിനടുത്ത് രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനം ആള്‍ക്കാര്‍ സുഖംപ്രാപിക്കുന്നുണ്ട്.  ഇതുവരെ 76 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് മൂന്നു മാസത്തോടടുക്കുമ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താനായത് ആരോഗ്യസംവിധാനങ്ങളുടെ നേട്ടമായി സര്‍ക്കാര്‍ കണക്കാക്കുന്നു.