അവിഹിതബന്ധം ആരോപിച്ച് ഗോത്ര നേതാവ് വിധിച്ച വധ ശിക്ഷയാണ് നടപ്പിലാക്കിയതെന്നും, ദുരഭിമാനക്കൊലയാണ് ഇതെന്നുമാണ് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നത്.

കറാച്ചി: പാകിസ്ഥാനിൽ ദമ്പതികളെ മരുഭൂമിയിൽ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവത്തിൽ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മരുഭൂമിയിൽ വെച്ചാണ് ക്രൂര കൊലപാതകം നയന്നത്. ഒരു വാഹനത്തിൽ നിന്നും ദമ്പതികളെ പിടിച്ചിറക്കി വെടിവെച്ച് കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തത്.

ഇൽസാനുള്ള, ബാനോ ബീബി എന്നിവരെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുൻപാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ദുരഭിമാനക്കൊലപാതകമാണ് സംഭവമെന്നാണ് പുറത്ത് വരുന്ന വിവരം. അവിഹിതബന്ധം ആരോപിച്ച് ഗോത്ര നേതാവ് വിധിച്ച വധ ശിക്ഷയാണ് നടപ്പിലാക്കിയതെന്നും, ദുരഭിമാനക്കൊലയാണ് ഇതെന്നുമാണ് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നത്.

സംഭവം വിവാദമായതോടെ മതപണ്ഡിതരും പൊതുസമൂഹവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 13 പേരെ പിടികൂടിയത്. കൊല്ലപ്പെട്ട ബാനോ ബീബിയുടെ സഹോദരൻ ഉൾപ്പെടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ട്. ഇവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ബലൂചിസ്ഥാൻ പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ 405 ദുരഭിമാനക്കൊലകൾ നടന്നതായാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.