പ്രൊഫഷണൽ ക്യാമറാന്മാരും ഡോണുമടക്കം ഉപയോഗിച്ചുള്ള ഫോട്ടോ ഷൂട്ടിലും റീൽസ് ചിത്രീകരണത്തിലും മറ്റ് യാത്രികർ വലഞ്ഞെങ്കിലും യുവാക്കളെ പേടിച്ച് ആരും പ്രതികരിച്ചിരുന്നില്ല.

ബിലാസ്പൂർ: പുതിയ ആഡംബര കാർ വാങ്ങിയതിന്‍റെ ആഘോഷത്തിനായി നടുറോഡിൽ ഗതാഗത തടസമുണ്ടാക്കി ഫോട്ടോഷൂട്ടും റീൽസ് ചിത്രീകരണവും നടത്തിയ സംഭവത്തിൽ പൊലീസിന് രൂക്ഷ വിമർശനം. ഛത്തീസ്ഗഢിൽ ബിലാസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാഷണൽ ഹൈവേ-130 ൽ റോഡിന് കുറുകേ കാറുകൾ നിരത്തിയിട്ട് ഒരു സംഘം സമ്പന്ന യുവാക്കൾ ഫോട്ടോ ഷൂട്ട് നടത്തിയത്. പ്രൊഫഷണൽ ക്യാമറാമാൻമാരും ഡ്രോണുകളുമടക്കം വൻ സജ്ജീകരണങ്ങളോടെയായിരുന്നു ഷൂട്ടിംഗ്.

സംസ്ഥാനത്തെ ഒരു പ്രധാന ഹൈവേയിൽ ഗതാഗതക്കുരുക്കിന് കാരണമായ ഇത്രയും പ്രകടമായ നിയമലംഘനം നടന്നിട്ടും വാഹനം പിടിച്ചെടുക്കാത്ത പൊലീസ് നടപടിക്കെതിരെ ഛത്തീസ്ഗഢ് ഹൈക്കോടതി ബിലാസ്പൂർ പൊലീസിനെതിരെ രൂക്ഷ വിമർശനം നടത്തി. വേദാൻഷ് ശർമ്മ എന്ന യുവാവ്, താൻ വാങ്ങിയ രണ്ട് ആഡംബര വാഹനങ്ങളുടെ വീഡിയോ ചിത്രീകരിക്കിനാണ് സുഹൃത്തുക്കൾക്കൊപ്പം വൻ വാഹനവ്യൂഹത്തിലെത്തിയത്. കറുത്ത നിറത്തിലുള്ള എസ് യു വി കാറുകൾ റോഡിന് കുറുകെ നിരത്തിയിട്ട് മറ്റ് വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടുത്തിയായിരുന്നു ഷൂട്ടിംഗ്. 

പ്രൊഫഷണൽ ക്യാമറാന്മാരും ഡോണുമടക്കം ഉപയോഗിച്ചുള്ള ഫോട്ടോ ഷൂട്ടിലും റീൽസ് ചിത്രീകരണത്തിലും മറ്റ് യാത്രികർ വലഞ്ഞെങ്കിലും യുവാക്കളെ പേടിച്ച് ആരും പ്രതികരിച്ചിരുന്നില്ല. പിന്നീട് വേദാൻഷ് ശർമ്മ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഗതാഗതം തടസപ്പെടുത്തിയുള്ള റീൽസ് ചിത്രീകരണത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. പിന്നാലെ പൊലീസ് കേസെടുത്ത് ചെറിയ ഫൈൻ നൽകി. ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൌണ്ടും അപ്രത്യക്ഷമായി. 

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും, കോടതിക്ക് മുന്നിൽ പൊതുതാൽപ്പര്യ ഹർജി എത്തുകയും ചെയ്തതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് പൊലീസിനോട് വിശദീകരണം ചോദിച്ചു. വാഹനങ്ങൾക്ക് ട്രാഫിക് നിയമ ലംഘനത്തിന് ഫൈൻ നൽകിയതൊഴിച്ച് മറ്റ് നടപടികൾ എടുത്തിട്ടില്ലെന്നും ഡ്രൈവർമാരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് (ആർ‌ടി‌ഒ) കത്തെഴുതിയതായും പൊലീസ് കോടതിയെ അറിയിച്ചു. 

ഇതോടെയാണ് ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. ഇത്രയും പ്രകടമായ നിയമലംഘനം ചെറിയ ശിക്ഷാ നടപടികൾക്ക് മാത്രം കാരണമായത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ബി.ഡി. ഗുരുവിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ചോദിച്ചു. വാഹനം കണ്ടുകെട്ടുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും, സ്വാധീനമുള്ള വ്യക്തികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് മടി കാണിക്കുകയാണെന്നും കോടതി വിർശിച്ചു. വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി സത്യവാങ്മൂലം ചോദിച്ചിട്ടുണ്ട്.