Asianet News MalayalamAsianet News Malayalam

മതനിന്ദയ്ക്ക് ഖുറാനില്‍ ശിക്ഷ നിര്‍ദേശിച്ചിട്ടില്ല: പാക് മതപണ്ഡിതന്‍

ഒരാൾ എതിർപ്പിനെ മറികടന്നും നമ്മളെ വേദനിപ്പിക്കുന്ന എന്തെങ്കിലും ചെയ്താൽ, ക്ഷമയോടെ കാത്തിരിക്കണമെന്നാണ് ഖുറാൻ പറയുന്നതെന്ന് ഖാമിദി

Pakistan born Maulana Ghamidi says Quran does not prescribe punishment for blasphemy
Author
First Published Aug 30, 2023, 10:41 AM IST

ദില്ലി: പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലെ മതനിന്ദാ നിയമങ്ങളെ വിമര്‍ശിച്ച് പാക് മതപണ്ഡിതന്‍ മൗലാനാ ജാവേദ് അഹമ്മദ് ഖാമിദി. ഖുറാനില്‍ വിവിധ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ നിർദേശിച്ചിട്ടുണ്ടെന്നും എന്നാൽ ദൈവനിന്ദക്കുള്ള ശിക്ഷ പറയുന്നില്ലെന്നും ഖാമിദി പറഞ്ഞു. പ്രവാചകന്റെ കാലഘട്ടത്തിൽ പോലും പ്രവാചകനെ നിന്ദിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനുള്ള ശിക്ഷ വിധിച്ചിരുന്നില്ലെന്ന് ഖാമിദി അഭിപ്രായപ്പെട്ടു.  

സ്വീഡനിൽ ഖുറാൻ കത്തിച്ച സംഭവത്തെ കുറിച്ച്  ഖാമിദി പറഞ്ഞതിങ്ങനെ- "ഒരാൾ എതിർപ്പിനെ മറികടന്നും നമ്മെ വേദനിപ്പിക്കുന്ന എന്തെങ്കിലും ചെയ്താൽ, ക്ഷമയോടെ കാത്തിരിക്കുക. എന്ത് വേദന നൽകിയാലും ക്ഷമയോടെ കാത്തിരിക്കുക എന്നാണ് വിശുദ്ധ ഖുറാൻ പറയുന്നത്. ഖുറാന്‍റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മുസ്‍ലിംകളുടെ ഉത്തരവാദിത്തം. പ്രവാചകന്‍റെ സന്ദേശം അവതരിപ്പിക്കുക എന്നതാണ് നമ്മുടെ ജോലി. വിമര്‍ശിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാൻ അവകാശമുണ്ട്."

ജമ്മു കശ്മീര്‍. അഫ്ഗാന്‍ വിഷയങ്ങളിലെ പാക് നയത്തെയും ഖാമിദി വിമര്‍ശിച്ചു. കശ്മീരിൽ പാകിസ്ഥാൻ ഇടപെടരുതെന്നും ഇക്കാര്യത്തില്‍ തീരുമാനിക്കാനുള്ള അവകാശം കശ്മീരിലെ ജനങ്ങൾക്ക് മാത്രമാണെന്നും ഖാമിദി പറഞ്ഞു. കശ്മീർ പ്രശ്നത്തിന്റെ പേരിൽ പാകിസ്ഥാൻ ഇന്ത്യയിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കരുതെന്ന് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിനെയും ഖാമിദി അംഗീകരിക്കുന്നില്ല. 

താലിബാൻ ഭരണകൂടത്തിന്റെ കടുത്ത വിമർശകനാണ് ഖാമിദി. അഫ്ഗാൻ ജനതയുടെ ഇഷ്ടത്തിന് വിരുദ്ധമായി ഭരിക്കാൻ താലിബാന് അവകാശമില്ല. ജനങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ ഒരു സർക്കാരിനും അവകാശമില്ലെന്ന് ഖാമിദി പറഞ്ഞു.

പാക് സൈന്യത്തെയും സമൂഹത്തെയും നിയമ വ്യവസ്ഥയെയും കുറിച്ചുള്ള ഖാമിദിയുടെ അഭിപ്രായപ്രകടനങ്ങള്‍ പാകിസ്ഥാനില്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. പാകിസ്ഥാനില്‍ സൈന്യവും ജനാധിപത്യവും തമ്മിലുള്ള സംഘർഷത്തിൽ സൈന്യം കൂടുതൽ ശക്തമാകുന്നുവെന്നാണ് ഖാമിദിയുടെ അഭിപ്രായം. നിലവില്‍ അമേരിക്കയിലാണ് അദ്ദേഹം താമസിക്കുന്നത്. 

Follow Us:
Download App:
  • android
  • ios