അമേരിക്ക തങ്ങളെ ആക്രമിച്ചാൽ പ്രതിരോധം തീർക്കുകയും വെല്ലുവിളി ഉയർത്താനുമാണ് ബാലിസ്റ്റിക് മിസൈല്‍ സ്വന്തമാക്കുന്നതിലൂടെ പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.

വാഷിങ്ടണ്‍: അമേരിക്കയമായും ഇന്ത്യയുമായും സംഘർഷമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ പണിപ്പുരയിലാണ് പാകിസ്ഥാനെന്ന് റിപ്പോർട്ട്. ചൈനയുടെ സഹായത്തോടെ അമേരിക്കയില്‍ വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്താന്‍ രഹസ്യമായി വികസിപ്പിക്കുന്നുവെന്നാണ് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ നട്ടെല്ലൊടിച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ നീക്കം. ചൈനയുടെ സഹായത്തോടെ ആയുധങ്ങൾ അതീവ രഹസ്യമായി നവീകരിക്കുകയാണ് പാകിസ്ഥാനെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ പ്രത്യാക്രമണം ചെറുക്കാനാണ് ആണവ പരീക്ഷണമടക്കം നടത്തുന്നതെങ്കിലും അമേരിക്ക വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്ഥാൻ പരീക്ഷിക്കുന്നത് തങ്ങൾക്ക് വെല്ലുവിളിയാണെന്നാണ് അമേരിക്ക വിലയിരുത്തുന്നത്. അമേരിക്ക തങ്ങളെ ആക്രമിച്ചാൽ പ്രതിരോധം തീർക്കുകയും വെല്ലുവിളി ഉയർത്താനുമാണ് ബാലിസ്റ്റിക് മിസൈല്‍ സ്വന്തമാക്കുന്നതിലൂടെ പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നതില്‍ വിജയിച്ചാല്‍ പാകിസ്ഥാനെ ആണവായുധശേഷിയുള്ള എതിരാളിയായി കണക്കാക്കേണ്ടിവരുമെന്നും യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. അമേരിക്കയിലേക്കോ അമേരിക്കന്‍ ഭരണത്തിന് കീഴിലുള്ള മറ്റ് ഭൂപ്രദേശങ്ങളിലേക്കോ ആണവാക്രമണം നടത്താന്‍ ശേഷി ആര്‍ജിക്കുന്ന രാജ്യങ്ങളെയാണ് തങ്ങളുടെ ആണവ എതിരാളികളായി അമേരിക്ക കണക്കാക്കുക. നിലവില്‍ റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് അമേരിക്കയുടെ ആണവ എതിരാളികള്‍. പാകിസ്ഥാന്റെ ദീർഘദൂര മിസൈൽ നിർമാണത്തിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.